Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജോലിത്തിരക്കിനെ ചൊല്ലി തര്‍ക്കം: ഭാര്യയുടെ കുത്തേറ്റ് ഭര്‍ത്താവ് മരിച്ചു

ന്യൂദല്‍ഹി-  ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് ഭര്‍ത്താവിന്റെ മരണത്തില്‍. സംഭവത്തില്‍ കൊലപാതകത്തിന് ഭാര്യ അറസ്റ്റിലാവുകയും ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവിന്റെ ജോലിത്തിരക്കുകളെ ചൊല്ലി ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് ദാരുണ സംഭവം. സച്ചിന്‍ കുമാര്‍ എന്നയാളാണ് മരിച്ചത്. ഭാര്യ ഗുഞ്ചനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഐടി കമ്പനി ജീവനക്കാരനായ സച്ചിന്‍ കുടുംബത്തിനായി സമയം മാറ്റി വയ്ക്കുന്നില്ലെന്ന ഗുഞ്ചന്റെ കുറ്റപ്പെടുത്തലാണ് തര്‍ക്കത്തിന് തുടക്കം. എപ്പോഴും ജോലിത്തിരക്കാണെന്നും തനിക്കും മക്കള്‍ക്കും നല്‍കാന്‍ സമയമില്ലെന്നുമായിരുന്നു ഗുഞ്ചന്റെ ആരോപണം. ഇക്കാര്യം പറഞ്ഞ് ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയ യുവതി ഒരു കത്തിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി. ഇത് കണ്ട് ഭയന്ന സച്ചിന്‍ ഭാര്യയുടെ കയ്യില്‍ നിന്നും കത്തി പിടിച്ചു വാങ്ങാന്‍ ശ്രമിക്കവെ നെഞ്ചിലേക്ക് കത്തി കുത്തിയിറങ്ങുകയായിരുന്നു. പതിനൊന്ന് വയസുള്ള മകളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഇവരുടെ എട്ടു വയസുകാരനായ മകന്‍ മറ്റൊരു മുറിയിലായിരുന്നു. ബഹളം കേട്ട് വീടിന്റെ മുകളിലെ നിലയില്‍ കഴിഞ്ഞിരുന്ന സച്ചിന്റെ ഇളയ സഹോദരന്‍ ഓടിയെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജ്യേഷ്ഠനെയാണ് കാണാനായത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ സച്ചിന്‍ മരണത്തിന് കീഴടങ്ങി.
പന്ത്രണ്ട് വര്‍ഷമായി സച്ചിന്‍ഗുഞ്ചന്‍ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. ഒരു എക്‌സപോര്‍ട്ട് ഹൗസ് ജീവനക്കാരിയാണ് ഗുഞ്ചന്‍. സച്ചിന്‍ കുടുംബത്തിനായി സമയം നീക്കിവയ്ക്കുന്നില്ലെന്ന് ഗുഞ്ചന്‍ എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നു എന്നാണ് സഹോദരന്‍ നീരജ് പറയുന്നത്. 'എല്ലാ ദമ്പതികള്‍ക്കും ഇടയിലുള്ള തരത്തിലുള്ള കലഹങ്ങളും തര്‍ക്കങ്ങളും മാത്രമാണ് അവര്‍ക്കിടയിലും ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആരും ഗൗരവമായി എടുത്തിരുന്നില്ല' നീരജ് വ്യക്തമാക്കി.
പിടിവലിക്കിടെ അബദ്ധവശാല്‍ കത്തി ഭര്‍ത്താവിന്റെ നെഞ്ചില്‍ തുളച്ചു കയറുകയായിരുന്നു എന്നാണ് ഗുഞ്ചന്‍ പോലീസിന് നല്‍കിയ മൊഴി. പ്രാഥമിക അന്വേഷണത്തില്‍ ഈ മൊഴി ശരിവയ്ക്കുന്ന നിഗമനത്തിലാണ് പോലീസും എത്തിയിരിക്കുന്നത്. സച്ചിന്റെത് അപകടമരണമാണെന്ന് വിലയിരുത്തുന്ന പോലീസ് സംഭവത്തില്‍ സാധ്യമായ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News