എടപ്പാൾ- ഒറ്റയ്ക്ക് താമസിക്കുന്ന എഴുപതുകാരിയെ കൊലപ്പെടുത്തി 20 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ പിടിയിൽ. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ തവനൂർ കടകശ്ശേരിയിലാണ് കൊലപാതകം. കടകശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്നതത്തോട്ടിൽ ഇയ്യാത്തുട്ടി (70) ആണ് കൊല്ലപ്പെട്ടത്. വർഷങ്ങളായി ഇവർ തനിച്ചാണ് താമസിക്കുന്നത്. തൊട്ടടുത്ത് ബന്ധുക്കൾ താമസിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ആറുമണിക്ക് ബന്ധുവീട്ടിലെ കുട്ടിയാണ് കിടപ്പുമുറിയിൽ രക്തം വാർന്ന് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ഇയ്യാത്തു കുട്ടിക്ക് ഭക്ഷണവുമായി പോയതായിരുന്നു കുട്ടി. വീടിന്റെ പിൻവശത്തെ ഗ്രിൽ തുറന്ന നിലയിലായിരുന്നു. കുട്ടികളില്ലാത്തതിനാൽ കാലങ്ങളായി ഇവർ തനിച്ചാണ് താമസിച്ചു വരുന്നത്. ശരീരത്തിലും, വീട്ടിലുമായി ഉണ്ടായിരുന്ന 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. മോഷണത്തിനിടെ ചെറുത്തപ്പോൾ തലക്കടിയേറ്റാണ് മരണമെന്ന് പോലീസ് പറഞ്ഞു.അതേസമയം വീട്ടിൽ നിന്ന് ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് അയൽക്കാരായ ബന്ധുക്കൾ പറയുന്നു. ഇയ്യാത്തുകുട്ടിയുടെ ജീവിത സാഹചര്യം വ്യക്തമായി അറിയാവുന്ന ആളാണ് കൊലപാതകവും കവർച്ചയും നടത്തിയതെന്ന് പോലീസ് തറപ്പിച്ചു പറയുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് തുടക്കത്തിലെ അന്വേഷണം. മൃതദേഹം പോലീസ് കാവലിൽ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉന്നത പോലീസ് അധികാരികളെത്തി തുടർ നടപടികൾ സ്വീകരിക്കും. വെള്ളിയാഴ്ച സമാന രീതിയിൽ വളാഞ്ചേരിയിലും കൊലപാതകം നടന്നിരുന്നു. ഇവിടെയു തനിച്ചു താമസിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നില്ല. അന്വേഷണത്തിനിടെ പോലീസാണ് ഈ പണം കണ്ടെടുത്തിരുന്നത്. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടോ എന്നതും വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ വ്യക്തമായിട്ടുമില്ല. രണ്ടു കൊലപാതകങ്ങൾക്കു പിന്നിലും ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.






