പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ ആൾകൂട്ടം മര്‍ദിച്ചു കൊന്നു

അഗര്‍ത്തല- ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ പശുക്കളെ കടത്തിയെന്ന് ആരോപിച്ച് മൂന്ന് മുസ് ലിം യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. സയദ് ഹുസൈന്‍ (28), ബിലാല്‍ മിയ (30), സൈഫുല്‍ ഇസ് ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. സെപാഹിജാല ജില്ലയിലെ സൊനമുറ സ്വദേശികളാണ് ഇവര്‍. അഞ്ച് കാലികളുമായി ഒരു വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മര്‍ദനത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സൈഫുല്‍ ഇസ്‌ലാമിനെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരേയും ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് അഗര്‍ത്തലയിലെ ജിബിപി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കൊലപ്പെട്ടവര്‍ക്കെതിരെ പശുക്കടത്തിന് പോലീസ് കേസെടുത്തു. ആള്‍ക്കൂട്ട മര്‍ദനത്തില്‍ അക്രമികള്‍ക്കെതിരെ മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

Latest News