വിവാഹാഭ്യർഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതിയടക്കം മൂന്നു പേർ പിടിയിൽ

കൊല്ലം- വിവാഹാഭ്യർഥന നിരസിച്ചുവെന്ന് ആരോപിച്ച് യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ യുവതിയടക്കം മൂന്നു പേർ പിടിയിൽ. യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് യുവതിയായിരുന്നു. 

മയ്യനാട് സങ്കീർത്തനത്തിൽ ലിൻസി ലോറൻസ് എന്ന ചിഞ്ചു റാണി(30), ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ വർക്കല അയിരൂർ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടിൽ വീട്ടിൽ അമ്പു (33), വർക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസിൽ അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂർ ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വർക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മർദിച്ച് അവശരാക്കി വഴിയിൽ ഉപേക്ഷിച്ചത്. മർദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടിൽ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മർദിച്ചതെന്നും പോലീസ് പറഞ്ഞു. 

വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ് ലിൻസി ലോറൻസ് എന്ന ചിഞ്ചു റാണി. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. ഒന്നര വർഷം മുമ്പാണ് ഗൗതമിനെ പരിചയപ്പെട്ടത്. ഗൗതം, വിഷ്ണു എന്നിവർ പാരിപ്പള്ളിയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കലക്ഷൻ ഏജന്റുമാരാണ്. അടുപ്പം ശക്തമായതോടെ പണം, മൊബൈൽ ഫോൺ തുടങ്ങിയവ ഗൗതമിനു നൽകി. ഇതിനിടെ ഗൗതമുമായി യുവതി വിവാഹാഭ്യർത്ഥന നടത്തി. ഇതോടെ ഗൗതം അകലാൻ ശ്രമിച്ചതോടെ പകയായി. തുടർന്നാണ് വർക്കലയിലെ സംഘത്തിനു ക്വട്ടേഷൻ നൽകുന്നത്. ഗൗതമിന്റെ സുഹൃത്ത് വിഷ്ണു ചാത്തന്നൂരിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിൻസി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കൾ വരുന്നുണ്ടെന്നും അവർക്കൊപ്പം പോയി പണം വാങ്ങി നൽകണമെന്നും പറഞ്ഞു. ക്വട്ടേഷൻ സംഘം എത്തി വിഷ്ണുവിനെ കാറിൽ കയറ്റി അയിരൂർ കായൽ വാരത്ത് എത്തിച്ചു. മർദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടർന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയിൽ ഒളിവിൽ കഴിയുമ്പോഴാണ് ലിൻസിയെ പിടികൂടിയത്.
 

Latest News