സൗദിയില്‍ വ്യാജ പീഡനക്കേസില്‍ കുടുങ്ങിയ മലയാളി മോചിതനായി

റിയാദ്- സ്‌പോണ്‍സര്‍ വ്യാജ പീഡനക്കേസില്‍ കുടുക്കിയ മലപ്പുറം താനൂര്‍ സ്വദേശി കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ജയില്‍ മോചിതനായി.
റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ സ്വദേശിയാണ് വ്യാജ സ്ത്രീപീഡന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞു വന്നിരുന്നത്. വിശ്രമമില്ലാത്ത ജോലിയായത് കൊണ്ട് ഇനി തുടരാന്‍ കഴിയില്ല എന്നറിയിച്ച് എക്‌സിറ്റടിച്ച് നാട്ടിലേക്കു പോകാന്‍ ടിക്കറ്റുമായി എത്തിയപ്പോള്‍ പോലീസിനെ വിളിച്ചുവരുത്തി ചതിയൊരുക്കി കേസില്‍ കുടുക്കുകയായിരുന്നു. ഇതിനെതിരെ നിയമപരമായി നീങ്ങാനൊരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.
 
കഴിഞ്ഞ ദിവസമാണ് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഇദ്ദേഹം ജയില്‍ മോചിതനായത്. ഇദ്ദേഹം ജയിലിലാണെന്ന സന്ദേശം റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന് സുഹൃത്ത് സുഹൈലില്‍ നിന്നാണ് ലഭിച്ചത്. വിഷയം ഇന്ത്യന്‍ എംബസിയില്‍ അറിയിക്കാന്‍ കുടുംബത്തോട് സിദ്ദീഖ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ ജയിലിലാണെന്നും ഇപ്പോള്‍ കേസ് പിന്‍വലിച്ചതായും വിവരം ലഭിച്ചു.

ഏഴു വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് ഈ സ്‌പോണ്‍സറുടെ അടുത്തേക്ക് മാറിയത്. വിശ്രമമില്ലാത്ത ജോലിയായത് കൊണ്ട് ഇനി തുടരാന്‍ കഴിയില്ല എന്നറിയിച്ചപ്പോള്‍ ഫൈനല്‍ എക്‌സിറ്റടിച്ചു. ടിക്കറ്റുമായി വരാന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌പോണ്‍സറുടെ വീട്ടിലെത്തുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് വാഹനമെത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്ത്രീ പീഡനമായിരുന്നു കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷം ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലേക്ക് കൊണ്ടുപോയി. ജാമ്യം അനുവദിച്ചെങ്കിലും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായി കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പുറത്തിറങ്ങാനായില്ല.
കസ്റ്റഡിയില്‍ കിടന്നിരുന്ന ഇദ്ദേഹത്തെ നേരില്‍ കണ്ട് വിവരങ്ങളന്വേഷിക്കാന്‍ സിദ്ദീഖ് എത്തിയപ്പോഴാണ് ഈ വിവരങ്ങളറിയുന്നത്. പോലീസെത്തി അറസ്റ്റ് ചെയ്യുന്നത് വരെയും സ്‌പോണ്‍സറുടെ കൂടെയായിരുന്നു ജോലി എന്നും സ്‌പോണ്‍സര്‍ തന്നെയാണ് പോലീസില്‍ പരാതിപ്പെട്ട് കസ്റ്റഡിയിലാക്കിയതെന്നും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

നിയമപരമായി നീങ്ങാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ യാഥാര്‍ഥ്യം ബോധ്യപ്പെട്ട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തൊഴില്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഹുറൂബ് പിന്‍വലിപ്പിക്കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുമുള്ള നടപടികള്‍ സ്വീകരിച്ചു. ഇത്തരം വ്യാജ കേസുകളിലകപ്പെട്ടാല്‍ നടപടികള്‍ ഭയന്ന് ശിക്ഷ ഏറ്റുവാങ്ങേണ്ടതില്ലെന്നും നിയമത്തിന്റെ പരിരക്ഷ ഉണ്ടാകുമെന്നും നിയമപരമായി നീങ്ങാനുള്ള സഹായം ചെയ്യാമെന്നും സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.
 

 

 

 

Latest News