Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപിനെ കേരളത്തില്‍ നിന്ന് മാറ്റി കര്‍ണാടക ഹൈക്കോടതി പരിധിയിലാക്കണമെന്ന് ഭരണകൂടം

കൊച്ചി- ലക്ഷദ്വീപിലെ ജനവിരുദ്ധ നീക്കങ്ങളിലൂടെ വിവാദ നായകനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ പുതിയ നീക്കം മറ്റൊരു വിവാദത്തിന് തിരികൊളുത്തുന്നു. ലക്ഷദ്വീപിനെ കേരള ഹൈക്കോടതി പരിധിയില്‍ നിന്ന് മാറ്റി കര്‍ണാകട ഹൈക്കോടതിയുടെ പരിധിയിലാക്കാന്‍ പ്രഫുല്‍ ഘോഡ പട്ടേല്‍ നീക്കം ആരംഭിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. പട്ടേലിന്റെ വിവാദപരവും ഏകാധിപത്യപരമായ തീരുമാനങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലും കേരളത്തിലും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ദ്വീപ് ഭരണകൂടത്തിനെതിരെ കേരള ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ വന്ന സാഹചര്യത്തിലാണ് ഹൈക്കോടതി പരിധി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ദ്വീപ് ഭരണകൂടം തുടക്കമിട്ടത്.

ഹൈക്കോടതികളുടെ അധികാര പരിധി പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ മാത്രമെ നിയമപരമായി മാറ്റാന്‍ കഴിയൂ എന്നാണ് ഇന്ത്യയുടെ ഭരണഘടന വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഇതിനു അധികാരമില്ല. ദ്വീപിന്റെ ജുഡീഷ്യല്‍ അധികാര പരിധി കര്‍ണാടകയിലേക്കു മാറ്റാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ ശ്രമമാണിതെന്ന് ലക്ഷ്ദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പിപി പറഞ്ഞു. ഇത് തീര്‍ത്തും അധികാര ദുര്‍വിനിയോഗമാണെന്നും ദ്വീപിലെ ജനങ്ങളുടെ മാതൃഭാഷ മലയാളമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ പേര് കേരള ആന്റ് ലക്ഷദ്വീപ് ഹൈക്കോര്‍ട്ട് എന്നാണെന്ന് കാര്യം മറക്കരുതെന്നും എംപി പറഞ്ഞു.  

ദ്വീപില്‍ ജനങ്ങളുടെ ഭൂമി സമ്മതമില്ലാതെ പിടിച്ചെടുക്കാനും മത്സ്യബന്ധ ഷെഡുകള്‍ പൊളിച്ചു നീക്കാനും പുതിയ നിയമങ്ങള്‍ കൊണ്ടു വരികയും ഗുണ്ടാ ആക്ട് നടപ്പിലാക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സമരം ഇപ്പോഴും തുടരുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്ത് ദ്വീപില്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയതും അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവുകളാണെന്നും ദ്വീപുകാര്‍ ആരോപിക്കുന്നുണ്ട്. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 23 ഹര്‍ജികളും 11 റിട്ട് ഹര്‍ജികളുമാണ് ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പോലീസിന്റേയും പ്രാദേശിക ഭരണകൂടത്തിന്റേയും അമിതാധികാര പ്രയോഗത്തിനെതിരേയും ഹര്‍ജികുണ്ട്.

വിവാദ നിയമങ്ങള്‍ നടപ്പിലാക്കി പ്രതിഷേധം ഇളക്കിവിട്ട ഭരണകൂടം ഇപ്പോള്‍ ഹൈക്കോടതി പരിധി മാറ്റാനുള്ള നീക്കത്തിലാണ്. ഈ നീക്കത്തിനു പിന്നിലെ യുക്തി എന്താണെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് ലക്ഷദ്വീപ് ജില്ലാ കലക്ടര്‍ എസ്. അസ്‌കര്‍ അലിയും ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകന്‍ എ അന്‍പരശുവും പ്രതികരിച്ചിട്ടില്ല.

Latest News