കരിപ്പൂരില്‍ ദുബായ് യാത്രക്കാരില്‍നിന്ന് മൂന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നര കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചു. 4.8 കിലോ സ്വര്‍ണവും മൂന്നുകിലോ സ്വര്‍ണമിശ്രിതവുമാണ് ദുബായില്‍നിന്ന് അഞ്ച് യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സ്വര്‍ണവുമായി എത്തിയ യാത്രക്കാര്‍ പിടിയിലായത്.
കണ്ണൂര്‍ സ്വദേശിയായ അഫ്താബ് റീച്ചാര്‍ജബിള്‍ ഫാനിന്റെ ബാറ്ററിക്കുള്ളിലാണ് 2.99 കിലോ സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണക്കട്ടികള്‍ തിരിച്ചറിയാതിരിക്കാന്‍ വെള്ളി നിറം പൂശുകയും ചെയ്തിരുന്നു. 18 ചതുരക്കട്ടകളാണ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത അഫ്താബിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് പാറക്കടവ് സ്വദേശിയായ അജ്മല്‍ 1,983 ഗ്രാം സ്വര്‍ണം എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിക്കുള്ളിലാണ് ഒളിപ്പിച്ചത്. 1334 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പി. നിസാമുദ്ദീനും 1071 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കോഴിക്കോട് മുക്കം സ്വദേശി പി മുജീബ് റഹ്മാനും പിടിയിലായി.
മലപ്പുറം ചേലൂര്‍ സ്വദേശിയില്‍നിന്ന് അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ച നിലയിലാണ് 1340 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തത്.

 

Latest News