തൃശൂര്‍ - ഗൃഹനാഥനേയും ഭാര്യയേയും വീട് കയറി ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍,
പിടിയിലായത് അന്തര്‍ സംസ്ഥാന ക്രിമിനല്‍. കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലും കൊലപാതകങ്ങളടക്കം ഇരുന്നൂറോളം കേസുകളിലെ പ്രതിയാണിയാള്‍.
സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കൊടകര ഇത്തുപ്പാടം സ്വദേശിയെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ഇയാളുടെ ഭാര്യയുടെ ആഭരണങ്ങളും പണവും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിലാണ് കോപ്ലിപ്പാടം ഹരിയെന്ന എറണാകുളം കുറുമാലി സ്വദേശിയും തൃശൂര്‍ കോടാലി കോപ്ലിപ്പാടത്ത് താമസിക്കുകയും ചെയ്യുന്ന മുടവന്‍പ്ലാക്കല്‍ ഹരികൃഷ്ണനെ (50) അറസ്റ്റു ചെയ്തത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവാവിനെ കൊന്ന് ചാക്കില്‍ക്കെട്ടി കുതിരാന്‍ മലയില്‍ തള്ളിയതടക്കം നിരവധി കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന ക്രിമിനലാണിയാളെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എ. അക്ബറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി കെ.എം
ജിജിമോനും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ആളുകളെ ബോധം കെടുത്തി മയക്കി കൊള്ളയടിക്കാന്‍ വിരുതനായതിനാല്‍ അരിങ്ങോടര്‍ ഹരി എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. രണ്ടു പതിറ്റാണ്ടു മുന്‍പ് വിവിധ ജില്ലകളിലായി മോഷണം, പിടിച്ചു പറി, ദേശീയ പാതയില്‍യാത്രക്കാരെ കൊള്ളയടിക്കല്‍, വധശ്രമം, കൊലപാതകമടക്കം ഇരുന്നൂറിലേറെ കേസുകളില്‍ പ്രതിയായി കേരള പോലിസിനും തമിഴ്‌നാട് പോലീസിനും കര്‍ണാടക പോലീസിനും തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ഹരി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ണാടകയിലെ യലഹങ്കയില്‍ ഒരു യുവാവിനെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കി കൊലപ്പെടുത്തി കൊള്ളയടിച്ച കേസിലും 2003ല്‍ വെള്ളിക്കുളങ്ങരയില്‍ വച്ച് തോക്കു കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും അതേ വര്‍ഷം പാലക്കാട് നെന്‍മാറയില്‍ വഴിയാത്രക്കാരനെ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കി പണവും മറ്റും തട്ടിയെടുത്തതിനും അടുത്ത വര്‍ഷം കോയമ്പത്തൂരില്‍ സ്വര്‍ണ്ണ വ്യാപാരിയെ കാര്‍ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് മൃതപ്രായനാക്കി ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയതിനും തമിഴ്‌നാട് വെല്ലൂരില്‍ ഹരിയും കൂടെയുള്ള യുവതിയും ചേര്‍ന്ന് ഒരു വീട്ടിലെ മുഴുവന്‍ ആളുകളേയും ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്തു
നല്‍കി കൊള്ളയടിച്ചതിനും ഇതിനടുത്ത വീട്ടിലെ കാറുമായി രക്ഷപെട്ടതിനും കേസുകള്‍
നിലവിലുണ്ട്.
സിനിമാ തിയറ്ററുകളിലും ട്രെയിനുകളിലും മാന്യമായ വേഷം ധരിച്ചെത്തി ആളുകളുമായി ചങ്ങാത്തം സ്ഥാപിച്ച് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി കൊള്ളയടിച്ചതിനും വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
മൂന്നു സംസ്ഥാനങ്ങളിലേയും വിവിധ പോലീസ് സംഘങ്ങള്‍ ഇയാളെ തേടി നടക്കുകയായിരുന്നു. അടുത്ത കാലങ്ങളില്‍ നടന്ന നിരവധി ക്ഷേത്ര മോഷണങ്ങളിലും ഹരിക്കും സംഘത്തിനും പങ്കുള്ളതായും പോലീസ് സംശയിക്കുന്നു. എറണാകുളം - തൃശൂര്‍ ജില്ലാതിര്‍ത്തിയിലെ ഒരു ജ്വല്ലറിയില്‍ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വെള്ളിക്കുളങ്ങര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ മുരളി, സബ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ജിനുമോന്‍ തച്ചേത്ത്, എഎസ് ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒ മാരായ വി.യു സില്‍ജോ, റെജി എ.യു, ഷിജോ തോമസ്, എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.






