സി.പി.എം നേതാവ് സി.വി.ദാമോദരന്‍ നിര്യാതനായി

പയ്യന്നൂര്‍- സി.പി.എം നേതാവും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.വി.ദാമോദരന്‍ (85) നിര്യാതനായി.
1987 മുതല്‍ ഏഴ് വര്‍ഷക്കാലം കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,പയ്യന്നൂര്‍ എജുക്കേഷണല്‍ സൊസൈറ്റി  വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1960 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാടായി ഏരിയാ കമ്മിറ്റി അംഗമായും 1964 മുതല്‍ സി.പി.എം മാടായി ഏരിയാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
കര്‍ഷക സംഘം മാടായി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ വിവിധ തസ്തികകളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കുറച്ച് നാളുകളായി രോഗബാധിതനായ അദ്ദേഹം കുഞ്ഞിമംഗലത്തെ സ്വന്തം വീട്ടില്‍  വിശ്രമത്തിലായിരുന്നു. ഏഴ് പതിറ്റാണ്ടിലധികം പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്ന നേതാവാണ് ചേമ്പള്ളി വലിയവീട്ടില്‍ ദാമോദരന്‍ എന്ന സഖാവ് സി.വി.
1936 ജൂണ്‍ 30ന് കേപ്പു അടിയോടിയുടേയും ശ്രീദേവിയമ്മയുടേയും മകനായി ജനിച്ചു.   കുഞ്ഞിമംഗലം ഗോപാല്‍ യു.പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അകാരണമായി ഒരു വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്നും പുറത്താക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ  തെറ്റായ നടപടിക്കെതിരെ പ്രതിഷേധിച്ച് ആദ്യമായി സമരം സംഘടിപ്പിച്ചു.  
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച സി.വി. പിന്നീട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ജോലി രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ വ്യാപൃതനായി.
നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിവി പല തവണ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.  1965 ല്‍ ഭക്ഷ്യ സമരത്തിന്റെ ഭാഗമായി കലക്ടറേറ്റ് പിക്കറ്റിംങ്ങില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
1975-76 ല്‍ അടിയന്തിരാവസ്ഥ കാലത്ത് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കപ്പെട്ടു. മൊറാഴ ബാങ്ക് കവര്‍ച്ച എന്ന കേസില് കുടുക്കി യു.കുഞ്ഞിരാമന്‍, എം.വി.ആര്‍. എന്നിവരോടൊപ്പം സി.വി.യേയും കൈയ്യാമം വെച്ച് അര്‍ദ്ധനഗ്‌നയായി റോഡിലൂടെ നടത്തിച്ചിരുന്നു.  

 

Latest News