ഇടുക്കി- അണക്കര ഏഴാംമൈലില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതി ജോമോളെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയത്. യുവാവിനെ ആക്രമിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി വീടിന് സമീപത്തെ പറമ്പില്‍നിന്ന് കണ്ടെടുത്തു.
ചോദ്യംചെയ്യലില്‍ ജോമോള്‍ കുറ്റംസമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം വെട്ടുകത്തി പറമ്പില്‍ ഒളിപ്പിച്ചശേഷമാണ് പ്രതി രക്ഷപ്പെട്ടത്. ഇത് ജോമോള്‍ തന്നെ പോലീസിന് കാണിച്ചുകൊടുത്തു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജോമോള്‍ അയല്‍വാസിയായ മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചുതന്നെ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി.
ജോമോള്‍ ജില്ലയ്ക്കുപുറത്തേക്ക് രക്ഷപ്പെട്ടന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍, ഇവരെ രക്ഷപ്പെടുത്താനെന്ന വ്യാജേന ഈ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുവാവുമായി പോലീസ് ബന്ധം സ്ഥാപിച്ചു. ശനിയാഴ്ച ഉച്ചയോടെ ഇവര്‍ നെടുങ്കണ്ടം ഭാഗത്തെ ബന്ധുവീട്ടിലുണ്ടെന്ന വിവരം ലഭിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ജോമോളെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്.






