Sorry, you need to enable JavaScript to visit this website.

ഇറാന്‍ മറ്റൊരു സിറിയയാകും- നിക്കി ഹാലി

യുനൈറ്റഡ് നേഷന്‍സ്- ഇറാനില്‍ രൂപപ്പെട്ട പ്രതിഷേധം സിറിയയിലെ പോലെ പൂര്‍ണതോതിലുള്ള സംഘര്‍ഷമായി വ്യാപിക്കുമെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി. അമേരിക്കയുടെ ആവശ്യപ്രകാരം ഇറാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനുചേര്‍ന്ന രക്ഷാസമിതിയുടെ അടിയന്തര യോഗത്തിനു മുമ്പാണ് ഇറാന്‍ പ്രതിസന്ധി ഗുരുതരമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയത്. സിറിയയിലെ ഭീകര സംഭവങ്ങള്‍ ലോകം കണ്ടു. അത് ആരംഭിച്ചത് അവിടത്തെ ക്രൂര ഭരണകൂടം സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചതിനെ തുടര്‍ന്നാണ്. അത് ഇറാനില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ പാടില്ല- നിക്കി ഹാലി പ്രസ്താവനയില്‍ പറഞ്ഞു.
വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ കഴിഞ്ഞ മാസം 28-ന് ഇറാനില്‍ ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങളില്‍ ഇതുവരെ 21 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അക്രമാസക്തരായ ജനങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും പേലീസ് സ്റ്റേഷനുകളും ആക്രമിച്ചിരുന്നു. വിലക്കയറ്റത്തിനെതിരെ ആരംഭിച്ച പ്രകടനം വളരെ പെട്ടെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളായി വിവിധ നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇറാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേര്‍ന്നത്. ഇക്കാര്യത്തിനായി കൗണ്‍സില്‍ ചേരേണ്ടതുണ്ടോയെന്ന് റഷ്യയും മറ്റു അംഗ രാഷ്ട്രങ്ങളും സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് നയതന്ത്രവൃത്തങ്ങള്‍ പറയുന്നു.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തണച്ചതിനെ ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അമേരിക്കയുടെ ഇടപെടലായി റഷ്യ വിശേഷിപ്പിച്ചിരുന്നു. രക്ഷാസമിതി അജണ്ടയില്‍ ഇറാന്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ആദ്യം വോട്ടെടുപ്പ് നടത്തണമെന്ന് റഷ്യ ആവശ്യപ്പെടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. രക്ഷാ സമിതിയില്‍ പുതിയൊരു വിഷയം ചര്‍ച്ച ചെയ്യണമെങ്കില്‍ 15 അംഗ രക്ഷാസമിതിയില്‍ കുറഞ്ഞത് ഒമ്പത് അംഗങ്ങള്‍ പിന്തുണക്കണം. ഇക്കാര്യത്തില്‍ വീറ്റോ പ്രയോഗിക്കാന്‍ കഴിയില്ല.
ഇറാനിയന്‍ ജനതയുടെ മനുഷ്യാവകാശ പ്രശ്‌നമാണെന്നതോടൊപ്പം ഇത് അന്താരാഷ്ട്ര സമാധാനത്തിന്റേയും സുരക്ഷയുടേയും കൂടി വിഷയമാണെന്നാണ് ഇതിന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി മറുപടി നല്‍കിയത്. രക്ഷാസമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തവര്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ അനുവദിക്കാത്ത ഇറാന്‍ സര്‍ക്കാരിനു തുല്യമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഇറാന്റെ പല ഭാഗങ്ങളിലും ഇന്നലെ സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു. ഇത് മൂന്നാം ദിവസമാണ് തുടര്‍ച്ചയായ സര്‍ക്കാര്‍ അനുകൂല മാര്‍ച്ചുകള്‍ നടന്നത്.

 

Latest News