അച്ഛനെ നഗ്‌നനാക്കി മര്‍ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍

പത്തനംതിട്ട -സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 75 വയസ്സുള്ള അച്ഛനെ നഗ്‌നനാക്കി മര്‍ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെ ഏകമകന്‍ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
മര്‍ദിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തുടങ്ങിയ മര്‍ദനം അരമണിക്കൂറോളം നീണ്ടുനിന്നു.

വീടിന്റെ പുറത്തിട്ട് മൂവരും ചേര്‍ന്ന് കമ്പ് ഉപയോഗിച്ച് റഷീദിനെ അടിച്ചുവീഴ്ത്തി. ഷീബയാണ് പിടിച്ചുകൊടുക്കുന്നത്. വീണിടത്തുനിന്ന് ഉടുതുണിയില്ലാതെ എഴുന്നേല്‍ക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇദ്ദേഹം ഉറക്കെ നിലവിളിക്കുന്നുമുണ്ട്.

നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പോലീസാണ് റഷീദിനെ രക്ഷിച്ചത്. സ്വത്ത് തര്‍ക്കമാണ് കാരണമെന്നറിയുന്നു. റഷീദിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവും വീടും ഇദ്ദേഹത്തിന് അവകാശമില്ലാത്തവിധത്തില്‍ മകനും മരുമകളും കൈക്കലാക്കിയതിനെ ചൊല്ലി ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. അടൂര്‍ ആര്‍.ഡി.ഒ. ഇതുസംബന്ധിച്ച് തീര്‍പ്പുണ്ടാക്കിയാണ് റഷീദിനെ വീട്ടില്‍ താമസിപ്പിച്ചിരുന്നത്. വീട്ടില്‍നിന്ന് റഷീദ് പോകണമെന്നുപറഞ്ഞ് കുറെ നാളുകളായി മര്‍ദനം നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

 

Latest News