കണ്ണൂർ- മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണവുമായി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗുരുവിന്റെ മകൻ രംഗത്ത്. പിണറായി വിജയന്റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്ന പാണ്ട്യാല ഗോപാലന്റെ മകൻ പാണ്ട്യാല ഷാജിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തന്റെ കയ്യും കാലും തല്ലിയൊടിച്ച് സ്വന്തമായി ആഹാരം പോലും കഴിക്കാനാകാത്ത അവസ്ഥയിലാക്കിയത് പിണറായിയുടെ നേതൃത്വത്തിലാണെന്നും ഷാജി വ്യക്തമാക്കി. ഒന്നര വർഷത്തോളം താൻ കിടപ്പിലായിരുന്നുവെന്നും ഷാജി വ്യക്തമാക്കി.
കണ്ണൂരിലെ മുഴുവൻ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും പിന്നിൽ പിണറായിക്ക് പങ്കുണ്ട്. കണ്ണൂരിൽ നടന്ന നിരവധി കൊലപാതകങ്ങളുടെയും അക്രമങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് പിണറായിയാണെന്നും ഷാജി ആരോപിച്ചു.
വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകത്തിന് പിന്നിൽ പിണറായി വിജയനാണ്. സി.എം.പിയിൽ ചേർന്നതിനാണ് കൊലപ്പെടുത്തിയത്. പിണറായിയുടെ ബ്രണ്ണൻ കഥകൾ കളവാണ്. 1971ലാണ് ബ്രണ്ണൻ കോളജിൽ എ.ബി.വി.പി രൂപീകരിച്ചത്. അന്ന് പിണറായി അവിടെയില്ല. പിണറായി ശത്രുത മൂലം തന്നെയും സി.പി.എം ഉപദ്രവിച്ചെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മുകാർ ക്രൂരമായി മർദ്ദിച്ചതിന്റെ ഫലമായി ഒന്നേകാൽ വർഷം ആശുപത്രിയിൽ കിടക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നെ അക്രമിക്കാൻ കാരണം പാർട്ടിയെ വെല്ലുവിളിച്ചു എന്നതായിരുന്നു. നിങ്ങൾക്ക് ലോകത്തിലെ എല്ലാ പാർട്ടികളെയും വെല്ലുവിളിക്കാം, നിങ്ങളുടെ പാർട്ടിയെ ആർക്കും വെല്ലുവിളിക്കാൻ പാടില്ലേയെന്നും പാണ്ട്യാല ഷാജി ചോദിച്ചു.