കേന്ദ്രമന്ത്രി വി. മുരളീധരനു എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും നല്‍കും

തിരുവനന്തപുരം- കേന്ദ്രമന്ത്രി വി. മുരളീധരനു കേരളത്തില്‍ നല്‍കിയിരുന്ന സുരക്ഷ വീണ്ടും അനുവദിച്ചു. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും നല്‍കാനാണു തീരുമാനം. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ കേന്ദ്രമന്ത്രിക്ക് സുരക്ഷ നല്‍കിയിരുന്നില്ല. ഗണ്‍മാനെ മാത്രമാണു വിട്ടുനല്‍കിയത്.

എസ്‌കോര്‍ട്ടും പൈലറ്റും ഇല്ലെന്നു മന്ത്രിയെ അറിയിച്ചതു വിമാനത്താവളത്തില്‍ എത്തിയ ഗണ്‍മാനാണ്. മറ്റു സ്ഥലത്തുനിന്നു പൈലറ്റ് വാഹനമുണ്ടാകുമെന്നു ഗണ്‍മാന്‍ മന്ത്രിയുടെ സ്റ്റാഫിനെ അറിയിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തിലാണു ഗണ്‍മാന്‍ കയറിയത്. ഗണ്‍മാനെ മന്ത്രി ഇറക്കിവിടുകയും ചെയ്തു.

രണ്ട് വര്‍ഷമായി കേരളത്തിലെത്തുമ്പോഴെല്ലാം മന്ത്രിക്ക് എസ്‌കോര്‍ട്ടും പൈലറ്റും ഉണ്ടായിരുന്നു. അത് അധികമായി നല്‍കിയതാണെന്നും സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ മാത്രമാണ് കാറ്റഗറിയില്‍ പറഞ്ഞിട്ടുള്ളതില്‍ അധികമായി സുരക്ഷയൊരുക്കേണ്ടതെന്നുമാണ് പോലീസിന്റെ വിശദീകരണം.

 

Latest News