ന്യൂദല്‍ഹി- അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളില്‍ വീണ്ടും വിവാദം. 47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ട് ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് 3.5 കോടി രൂപക്ക് വിറ്റ ഇടപാടാണ് പുതിയ വിവാദം. നേരത്തെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് പുറമെയാണിത്.
20 ലക്ഷത്തിന്റേയും 27 ലക്ഷത്തിന്റേയും പ്ലോട്ടുകളാണ് യഥാക്രമം 2.5 കോടിക്കും ഒരു കോടി രൂപക്കുമായി രാമക്ഷേത്ര ട്രസ്റ്റിന് വില്‍പന നടത്തിയത്.
ഈ പ്ലോട്ടുകള്‍ വില്‍പന നടത്തിയത് ബി.ജെ.പി നേതാവും അയോധ്യ മേയറുമായ ഋഷികേഷ് ഉപാധ്യായയുടെ മരുമകന്‍ ദീപ് നാരായണ്‍ ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 890 ചതുരശ്ര മീറ്ററുള്ള ഈ ഭൂമി ഫെബ്രുവരി 20ന് ദേവേന്ദ്ര പ്രസാദ് എന്നയാളില്‍നിന്ന് 20 ലക്ഷം രൂപയ്ക്കാണ് ദീപ് നാരായണ്‍ വാങ്ങിയത്.
ഈ പ്രദേശത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് 20 ലക്ഷം. 35.6 ലക്ഷം രൂപ വരെയാണ് ഈ ഭൂമിയുടെ മതിപ്പ് വിലയെന്ന് കണക്കാക്കുന്നു. എന്നാല്‍ മെയ് 11-ന് ഈ ഭൂമി ദീപ് നാരായണ്‍ രാമക്ഷേത്ര ട്രസ്റ്റിന് വില്‍ക്കുകയുണ്ടായി. 2.5 കോടി രൂപയ്ക്കാണ് വില്‍പന നടത്തിയത്. രണ്ടു മാസം കൊണ്ടാണ് ഭൂമിയുടെ വില 20 ലക്ഷത്തില്‍നിന്ന് 2.5 കോടി ആയി മാറിയത്.
ദീപ് നാരായണ്‍ അയോധ്യ ട്രസ്റ്റിന് വിറ്റ മറ്റൊരു പ്ലോട്ട് ഭൂമി 676.86 ചതുരശ്ര മീറ്റര്‍ വരും. ഫെബ്രുവരി 20 ന് ഇയാള്‍ രാമക്ഷേത്ര ട്രസ്റ്റിന് ഭൂമി വിറ്റത് ഒരു കോടി രൂപയ്ക്കാണ്. പ്രദേശത്തെ ഭൂമിയുടെ മതിപ്പ് വില അനുസരിച്ച് കണക്കുകൂട്ടിയാല്‍ ഈ ഭൂമിയുടെ വില 27.08 ലക്ഷം രൂപ മാത്രമാണ്. രണ്ട് ഇടപാടുകള്‍ക്കും സാക്ഷ്യം വഹിച്ചത് ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണ്.
ക്ഷേത്രനിര്‍മ്മാണത്തിനായി നടത്തിയ ഭൂമി വില്‍പനയില്‍ അഴിമതി ആരോപിച്ച് നേരത്തെ സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തുവന്നിരുന്നു. രണ്ടു കോടി വിലമതിക്കുന്ന ഭൂമി അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് 18.5 കോടി രൂപക്ക് വാങ്ങിയതില്‍ എസ്.പി നേതാവും മുന്‍ മന്ത്രിയുമായ പവന്‍ പാണ്ഡെയും എഎപി എംപി സഞ്ജയ് സിങും സി.ബി.ഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടു.