കോവിഡ് ഇരകള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് മരിച്ച എല്ലാവര്‍ക്കും നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എല്ലാവര്‍ക്കും ഈ നഷ്ടപരിഹാരം വിതരണം ചെയ്താല്‍ ദുരിതാശ്വാസ ഫണ്ട് തീരുമെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. കോവിഡ് ഇരകള്‍ക്ക് ഇത്ര തുക നിശ്ചിത ദുരിതാശ്വാസ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിക്ക് മറുപടി ആയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. 

ദുരന്തനിവാരണ നിയമ പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത് ഭൂകമ്പം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ ഇരയാകുന്നവര്‍ക്കാണെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയില്‍ ഇതുവരെ നാലു ലക്ഷത്തോളം ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍. ഇവര്‍ക്കെല്ലാം നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ ഫണ്ട് ഇതിനു വേണ്ടി മാത്രം ചെലവിടേണ്ടി വരും. മാത്രവുമല്ല ചെലവ് ഇതിലേറെ വരുമെന്നും സംസ്ഥാനങ്ങള്‍ ഈ സാമ്പത്തിക ബാധ്യത താങ്ങാനാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇന്‍ഷൂറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് അതു പ്രകാരമുള്ള ഫണ്ട് നല്‍കുന്നുണ്ടെന്നും ഇത് ജില്ലാ കളക്ടര്‍മാര്‍ മുഖേന ശരിയാക്കി നല്‍കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. 442.4 കോടി രൂപ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. 

Latest News