Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യക്തിപൂജ: പി ജയരാജന്‍ നിരപരാധി, കാരണക്കാര്‍ അമ്പാടിമുക്ക് സഖാക്കള്‍

കണ്ണൂര്‍- സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണവിരാമമിടാന്‍ സി.പി.എം. തീരുമാനിച്ചു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്ത ശേഷമാണ് പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി.ജയരാജന് പങ്കില്ലെന്ന് കമ്മിഷന്‍ നിഗമനത്തിലെത്തി. എ.എന്‍.ഷംസീര്‍, എന്‍.ചന്ദ്രന്‍, ടി.ഐ.മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങള്‍ പരിശോധിച്ചത്.
വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധാനാരൂപത്തിലുള്ള ബോര്‍ഡുകളും മുദ്രാവാക്യങ്ങളുമൊക്കെയാണ് വിമര്‍ശവിധേയമായത്. സി.പി.എം. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തുകയും വ്യക്തിപ്രഭാവമുയര്‍ത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തടയുന്നതിന് ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമചലപ്പെടുത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.
കണ്ണൂര്‍ തളാപ്പില്‍ സംഘ്പരിവാര്‍ സംഘടനകളില്‍നിന്ന് സി.പി.എമ്മിലേക്കെത്തിയ അമ്പാടിമുക്ക് സഖാക്കള്‍ എന്നറിയപ്പെടുന്നവരാണ് പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോര്‍ഡുകള്‍ വെച്ചത്. പിന്നീട് കണ്ണൂര്‍ ജില്ലയില്‍ പലേടത്തും വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടുന്ന ബോര്‍ഡുകള്‍ വന്നു. വിപ്ലവനേതാവായി വാഴ്ത്തുന്ന പാട്ടുകളുണ്ടായി. നവമാധ്യമങ്ങളില്‍ പി.ജെ.ആര്‍മി എന്നും മറ്റമുള്ള പേരുകളില്‍ വ്യക്തിപരമായി ആരാധന വളര്‍ത്തുന്ന പ്രചാരണം നടന്നത് സി.പി.എം. നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ടത്.
അന്വേഷണം ആരംഭിച്ച ശേഷവും ചില പ്രശ്‌നങ്ങളുണ്ടായി. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റശേഷം പഴയ സ്ഥാനം തിരിച്ചുനല്‍കാത്തതിനെതിരേ ഒരുവിഭാഗം അനുഭാവികള്‍ പ്രതിഷേധമുയര്‍ത്തി. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചുവെന്നാരോപിച്ചും പി.ജെ.ആര്‍മി നവമാധ്യമ ഗ്രൂപ്പ് വലിയ പ്രതിഷേധമുയര്‍ത്തി. അമ്പാടിമുക്ക് സഖാക്കളുടെ നേതാക്കളിലൊരാളായ ധീരജ്കുമാറിനെ പരസ്യപ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് സി.പി.എമ്മില്‍നിന്ന് പുറത്താക്കുകയുംചെയ്തു.
എന്നാല്‍ പി.ജെ.ആര്‍മിയെ പി.ജയരാജന്‍ പരസ്യമായി തള്ളിപ്പറയുകയും തന്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നും തന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച് കാണിക്കുകയും ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിറക്കി. ഇതെല്ലാം പരിഗണിച്ചാണ് പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപ്രഭാവ പ്രശ്‌നത്തിന് വിരാമമിടാന്‍ സി.പി.എം. നേതൃത്വം തീരുമാനിച്ചത്.
 

Latest News