ന്യൂദല്‍ഹി- സോഷ്യല്‍ മീഡിയാ കമ്പനികളുടെ നയങ്ങള്‍ പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ ഐടികാര്യ സമിതി ഫെയ്‌സ്ബുക്കിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടും. വെര്‍ച്വല്‍ കൂടിക്കാഴ്ച വേണ്ടെന്നാണ് തീരുമാനം. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളാണ് സമിതി പരിശോധിച്ചു വരുന്നത്. കമ്പനിയുടെ കോവിഡ് പ്രതിരോധ നയം അനുസരിച്ച് ഉദ്യോഗസ്ഥര്‍ വെര്‍ച്വലായി ഹാജരാകാമെന്ന് ഫെയ്‌സ്ബുക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ അനുസരിച്ച് വെര്‍ച്വല്‍ യോഗങ്ങള്‍ക്ക് വിലക്കുണ്ടെന്നും പ്രതിനിധികള്‍ നേരിട്ട് തന്നെ ഹാജരാകണമെന്നും സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വ്യക്തമാക്കി. അവര്‍ വാക്‌സിനെടുത്തിട്ടില്ലെങ്കില്‍ ഇതിനുള്ള സൗകര്യങ്ങള്‍ പാര്‍ലമെന്റ് സെക്രട്ടറിയേറ്റിന് ചെയ്യാന്‍ കഴിയുമെന്നും തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഉദ്യോഗസ്ഥരെ സമിതി 90 മിനിറ്റ് ചോദ്യം ചെയ്തിരുന്നു. ഇന്ത്യയില്‍ നിയമങ്ങള്‍ അനുസരിക്കുക എന്നാണ് സമിതി ട്വിറ്ററിന് നല്‍കിയ നിര്‍ദേശം. ഗൂഗ്ള്‍, യുട്യൂബ് തുടങ്ങിയ കമ്പനികളേയും സമിതി നേരിട്ട് വിളിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതും സംബന്ധിച്ചും സമിതി അന്വേഷിക്കും.






