ഗുവാഹത്തി- സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് നല്‍കില്ലെന്ന പുതിയ നയവുമായി അസമിലെ ബിജെപി സര്‍ക്കാര്‍. രണ്ടിലേറെ മക്കളുള്ളവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും നേരത്തെ വിലക്കിയിരുന്നു. സര്‍ക്കാര്‍ പദ്ധതികളില്‍ പുതിയ ജനസംഖ്യാ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങുമെന്ന് മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശര്‍മ പറഞ്ഞു. സൗജന്യ സ്‌കൂള്‍, കോളെജ് പ്രവേശനം, പ്രധാനമന്ത്രി ഭവന പദ്ധതി തുടങ്ങിയ പദ്ധതികളില്‍ ജനസംഖ്യാ നയം നടപ്പാക്കാനാവില്ല. അതേസമയം മധ്യവര്‍ഗക്കാര്‍ക്കു വേണ്ടി നടപ്പാക്കുന്ന മുഖ്യമന്ത്രി ഭവന പദ്ധതി അടക്കം മറ്റു ചില പദ്ധതികള്‍ക്ക് രണ്ടു മക്കള്‍ മാനദണ്ഡം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസമിലെ കുടിയേറ്റ മുസ്ലിംകള്‍ കുടുംബാസൂത്രണം നടത്തി ജനസംഖ്യ നിയന്ത്രിച്ചാല്‍ അസമിലെ പല സാമുഹിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന രണ്ടാഴ്ച മുമ്പ് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ജനസംഖ്യാ നയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ പ്രതിക്ഷപക്ഷം രംഗത്തെത്തിയിരുന്നു. അഞ്ച് സഹോദരങ്ങളുള്ള ആളാണ് മുഖ്യമന്ത്രി എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 70കളിലെ ആളുകള്‍ ചെയ്തതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.