Sorry, you need to enable JavaScript to visit this website.

സൗദിക്ക് നേരെ ഒറ്റ ദിവസം നടന്നത് 11 തവണ ഡ്രോൺ ആക്രമണ ശ്രമങ്ങൾ 

റിയാദ് - ദക്ഷിണ സൗദിയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് 11 തവണ ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി. ശനിയാഴ്ച പുലർച്ചെയും രാവിലെയും വൈകീട്ടുമായാണ് ഹൂത്തികൾ ഖമീസ് മുശൈത്ത് അടക്കം ദക്ഷിണ സൗദിയിൽ വിവിധ സ്ഥലങ്ങൾ ലക്ഷ്യമിട്ട് 11 തവണ ഡ്രോൺ ആക്രമണങ്ങൾക്ക് ശ്രമിച്ചത്. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോണുകളിൽ ഭൂരിഭാഗവും യെമൻ വ്യോമമേഖലയിൽ വെച്ചു തന്നെ സഖ്യസേന വെടിവെച്ചിടുകയായിരുന്നു. 
അതേസമയം, മാരിബിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ നിരന്തരം ആക്രമണങ്ങൾ നടത്തുന്നതിൽ യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വക്താവ് ലിസ് ത്രോസ്സൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മാരിബിൽ സിവിലിയൻ കേന്ദ്രത്തിനു നേരെ ഏറ്റവും ഒടുവിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 30 സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാൻ എത്തിയ മൂന്നു ആംബുലൻസുകൾക്കു നേരെയും ആക്രമണമുണ്ടായി. ഇതിനിടെ രണ്ടു ആംബുലൻസ് ജീവനക്കാർക്ക് പരിക്കേറ്റു. ഇതിനു മുമ്പ് പെട്രോൾ ബങ്കിനു നേരെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ കുട്ടികൾ അടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടതായും ലിസ് ത്രോസ്സൽ പറഞ്ഞു.
 

Latest News