Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്തെ വനംകൊള്ള  ഭരണ നേതൃത്വത്തിന്റെ  അറിവോടെ -ബെന്നി ബഹനാൻ

പത്തനംതിട്ട - ജില്ലയിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകരെ സഹായിക്കാനെന്നപേരിൽ പുതിയ ഉത്തരവിറക്കി നിരോധിത മരങ്ങൾ ഉൾപ്പെടെ മുറിച്ചുകടത്തിയ സംഭവം ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെ നടന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് യു.ഡി.എഫ് അന്വേഷണ സമിതി കൺവീനർ ബെന്നി ബഹനാൻ എം.പി ആരോപിച്ചു. അനധികൃത മരംകൊള്ളയെക്കുറിച്ച് അന്വേഷിക്കുന്നതിനായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി നിയോഗിച്ച അന്വേഷണ സംഘം ജില്ലയിലെ റാന്നി, കോന്നി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


റിസർവ് വനങ്ങൾ ഉൾപ്പെടെ റവന്യൂ ഭൂമിയിൽനിന്നും വ്യാജ പട്ടയങ്ങളുടെ മറവിലും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങളാണ് മാഫിയാ സംഘങ്ങൾ മുറിച്ചുകടത്തിയത്. ഇത് ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള പിന്തുണയോടെയാണ്. ഹൈക്കോടതി നിരീക്ഷണത്തിൽ സംസ്ഥാനത്തെ മരംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.


മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുകൊണ്ടുള്ള സംസ്ഥാന ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇത് സർക്കാരിന്റെ കീഴിലെ ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എന്താകും ഫലമെന്ന് മുൻകാല അനുഭവങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. കോന്നി കല്ലേലിയിലെ റിസർവ് വനത്തിൽനിന്നും വൻ മരങ്ങൾ മുറിച്ച സംഭവത്തിൽ യഥാർഥ പ്രതികളെ സംരക്ഷിക്കുവാൻ നടത്തിയ ശ്രമം പകൽപോലെ വ്യക്തമാണ്. ഇതേക്കുറിച്ച് ശരിയായ രീതിയിലുള്ള അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കർഷകർ നട്ടുവളർത്തിയതും കാലങ്ങളായി പരിപാലിക്കുന്നതുമായ പട്ടയ ഭൂമിയിലെ വൃക്ഷങ്ങൾ മുറിക്കുന്നതിന് അനുമതി ലഭ്യമാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട വനം നിയമത്തിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി അവരുടെ ആശങ്ക ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടിയേറ്റ കർഷകർക്ക് യു.ഡി.എഫ് നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്തത് പുനഃസ്ഥാപിച്ച് നൽകണം. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ യു.ഡി.എഫ് പ്രതിജ്ഞാബന്ധമാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.


വനംകൊള്ള നടന്ന കോന്നി കല്ലേലി, റാന്നി നീരേറ്റ്കാവ് എന്നിവിടങ്ങളിൽ യു.ഡി.എഫ് സംഘം സന്ദർശനം നടത്തുകയും അനധികൃത മരംകൊള്ള നടന്ന പാടം, ചിറ്റാർ എന്നിവിടങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കർഷക സംഘടനകളും സമതിക്ക് നിവേദനം നൽകി. വിവിധ കക്ഷി നേതാക്കളായ അനൂപ് ജേക്കബ് എം.എൽ.എ, മുൻ എം.പി ഫ്രാൻസിസ് ജോർജ്, റാം മോഹൻ, ജേക്കബ് തോമസ്, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, ആന്റോ ആന്റണി എം.പി, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ജോസഫ്.എം.പുതുശ്ശേരി, യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ. ടി. തോമസ്, കൺവീനർ എ. ഷംസുദ്ദീൻ, അനീഷ് വരിക്കണ്ണാമല, ടി.എം. ഹമീദ്, സനോജ് മേമന, ശ്രീകോമളൻ, ശശിധരൻ തിരുവല്ല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്‌കുമാർ, റിങ്കു ചെറിയാൻ, ടി.കെ. സാജു, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൽ സലാം, കെ. ജയവർമ്മ, ലിജു ജോർജ്, സജി കൊട്ടയ്ക്കാട്, സതീഷ് ബാബു, എസ്. സന്തോഷ് കുമാർ, രാജു മരുതിയ്ക്കൽ, ദേവകുമാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

 

Latest News