Sorry, you need to enable JavaScript to visit this website.

'കോർണർ' വാടക മേഖലയിൽ ബിനാമി പ്രവണത വ്യാപകം

റിയാദ് - സൂപ്പർ മാർക്കറ്റുകളിലും മിനി മാർക്കറ്റുകളിലും മറ്റു വാണിജ്യ കേന്ദ്രങ്ങളിലും പച്ചക്കറികളും പഴവർഗങ്ങളും ബേക്കറിയുൽപന്നങ്ങളും നട്‌സും ഇറച്ചിയും ആക്‌സസറീസും മറ്റും വിൽക്കുന്നതിന് സ്ഥലങ്ങളും കോർണറുകളും വാടകക്ക് നൽകുന്ന മേഖലയിൽ ബിനാമി ബിസിനസ് പ്രവണത വ്യാപകമാണെന്ന് സാമ്പത്തിക വിദഗ്ധർ. 
കരാറുകൾ ഒപ്പുവെക്കാതെയാണ് ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന വിഭാഗങ്ങളുടെ നടത്തിപ്പ് ചുമതല സൂപ്പർ മാർക്കറ്റ്, മിനി മാർക്കറ്റ് ഉടമകൾ വിദേശികളെ ഏൽപിക്കുന്നത്. പ്രതിമാസം നിശ്ചിത തുക വാടക നിശ്ചയിച്ചോ വിൽപനക്കനുസരിച്ച് നിശ്ചിത തുക കമ്മീഷൻ നിശ്ചയിച്ചോ ആണ് ഇതെന്നും അവർ പറയുന്നു. 
ബിനാമി ബിസിനസ് പ്രവണത ദേശീയ സമ്പദ്‌വ്യവസ്ഥക്കു മാത്രമല്ല, സാമൂഹിക, സുരക്ഷാ മേഖലകളിലും വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നതായി സാമ്പത്തിക വിദഗ്ധൻ ഡോ. അബ്ദുറഹ്മാൻ ബൈബ പറഞ്ഞു. സൂപ്പർ മാർക്കറ്റുകളിലും മിനി മാർക്കറ്റുകളിലും ബഖാലകളിലും പ്രത്യേക സ്ഥലങ്ങളും വിഭാഗങ്ങളും വിദേശികൾക്ക് രഹസ്യമായി നടത്താൻ വാടകക്ക് നൽകുന്ന പ്രവണത വ്യാപകമാണ്. 


സിഗരറ്റ്, ആക്‌സസറീസ്, പഴവർഗങ്ങൾ-പച്ചക്കറികൾ, ബേക്കറിയുൽപന്നങ്ങൾ, ഇറച്ചി, നട്‌സ്, പാൽക്കട്ടികൾ പോലുള്ള ഉൽപന്നങ്ങൾ സ്വന്തം നിലക്ക് വിൽപന നടത്താനാണ് സ്ഥാപനങ്ങൾക്കകത്തെ കോർണറുകളും സ്ഥലങ്ങളും ഉടമകൾ വിദേശികളെ ഏൽപിക്കുന്നത്. 
കരാറുകൾ ഒപ്പുവെക്കാതെയാണ് ഇത്തരം വിഭാഗങ്ങളുടെ നടത്തിപ്പ് ചുമതല വിദേശികളെ ഉടമകൾ ഏൽപിക്കുന്നത്. അതുകൊണ്ടു തന്നെ നിയമ ലംഘനം സ്ഥാപിക്കുക ദുഷ്‌കരമാണ്. എങ്കിലും ഓൺലൈൻ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാതിരിക്കൽ, ഒരേ സ്ഥാപനത്തിനകത്ത് ഒന്നിലധികം സ്ഥലത്ത് പണമടക്കുന്ന രീതി, ബേക്കറിയുൽപന്നങ്ങളും പച്ചക്കറികളും സിഗരറ്റും മറ്റും വിൽപന നടത്തുന്ന വിഭാഗങ്ങൾ പ്രധാന സ്ഥാപനത്തിൽനിന്ന് വേറിട്ട് സ്വന്തം നിലക്ക് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കൽ എന്നിവയെല്ലാം ഈ വിഭാഗങ്ങൾ ബിനാമി സ്ഥാപനങ്ങളാണെന്നതിനുള്ള സൂചനകളും തെളിവുകളുമാണ്. 


ബിനാമി പ്രവണത മൂലമുള്ള കൃത്യമായ നഷ്ടം കണക്കാക്കാൻ സാധിക്കില്ല. എങ്കിലും ബിനാമി ബിസിനസ് പ്രവണതമൂലം ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 40,000 കോടിയോളം റിയാലിന്റെ നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 
ബിനാമി ബിസിനസ് നടത്തുന്നവർക്കും ഇതിന് കൂട്ടുനിൽക്കുന്നവർക്കും പദവി ശരിയാക്കാൻ ഓഗസ്റ്റ് 23 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. സൗദികളും വിദേശികളുമായ നിയമ ലംഘകർക്ക് ശിക്ഷകൾ കൂടാതെ പദവി ശരിയാക്കാനുള്ള സുവർണാവസരമാണിതെന്നും ഡോ. അബ്ദുറഹ്മാൻ ബൈബ പറഞ്ഞു.


റസ്റ്റോറന്റുകൾ, ബൂഫിയകൾ, വർക്ക് ഷോപ്പുകൾ, റെഡിമെയ്ഡ് ഷോപ്പുകൾ, വസ്ത്രക്കടകൾ, ബഖാലകൾ പോലുള്ള ചില്ലറ വ്യാപാര മേഖലയിൽ വിദേശികളുടെ ആധിപത്യം പ്രകടമാണെന്നും ഈ മേഖലയിലാണ് ബിനാമി ബിസിനസ് പ്രവണത ഏറ്റവും വ്യാപകമെന്നും സാമ്പത്തിക വിദഗ്ധൻ ഖാലിദ് മുഹമ്മദ് ബഹ്‌ലസ് പറഞ്ഞു. 
രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് സ്വന്തം നിലക്ക് ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും ഇതിന് കൂട്ടുനിൽക്കുന്ന സൗദി പൗരന്മാർക്കും ഇപ്പോൾ പ്രഖ്യാപിച്ച സുവർണാവസരമാണ് ശിക്ഷകൾ കൂടാതെ പദവി ശരിയാക്കാനുള്ള പൊതുമാപ്പ്. ഇത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഖാലിദ് മുഹമ്മദ് ബഹ്‌ലസ് ആവശ്യപ്പെട്ടു. 

 

Latest News