പാര്‍ട്ടിയില്‍ ചേരാന്‍ സമരം ചെയ്ത 300 ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗംഗാജലം തളിച്ച് തിരിച്ചെടുത്തു

ഭിര്‍ഭും- ബംഗാള്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു പോയ 300ഓളം പ്രവര്‍ത്തകര്‍ തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ ഓഫീസിനു മുന്നില്‍ നിരാഹാര സമരമിരുന്നു. ഭിര്‍ഭും ജില്ലയില്‍ ഉള്‍പ്പെടുന്ന സയ്ന്തിയ നിയോജകമണ്ഡലത്തിലെ ബനഗ്രാമില്‍ വെള്ളിയാഴ്ചയാണ് സംഭവം. ധര്‍ണയെ തുടര്‍ന്ന് ഈ ബിജെപി പ്രവര്‍ത്തകരെ ഗംഗാജലം തളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഗംഗാജലം തളിച്ചത് അവരുടെ മനസ്സുകളെ ശുദ്ധീകരിക്കാനായിരുന്നു എന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 11 വരെയായിരുന്നു ധര്‍ണ. ഇതിനിടെ ശുദ്ധികലശത്തിലൂടെയാണ് ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. വികസനം ആഗ്രഹിച്ചാണ് ബിജെപിയിലേക്കു പോയത്. എന്നാല്‍ ഇത് ഒരു നിലക്കും സഹായിച്ചില്ല. ഒരുപാട് നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നു. ബിജെപി ഒരു വര്‍ഗീയ പാര്‍ട്ടിയാണ്, അവര്‍ ഞങ്ങളുടെ മനസ്സുകളില്‍ വിഷം നിറച്ചുവെന്നും ധര്‍ണയില്‍ പങ്കെടുത്ത അശോക് മൊണ്ഡല്‍ പറഞ്ഞു. 

അതേസമയം ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാടകമാണെന്ന് ബിജെപി ആരോപിച്ചു. പലയിടത്തും തങ്ങളുടെ പ്രവര്‍ത്തകരെ നിര്‍ബന്ധി്ച്ച് തൃണമൂലില്‍ ചേര്‍ക്കുകയാണെന്നും ഒരു ജില്ലാ ബിജെപി നേതാവ് ആരോപിച്ചു. ബനഗ്രാമില്‍ നിരവധി പേര്‍ തൃണമൂലില്‍ ചേര്‍ന്നതായി അറിഞ്ഞുവെന്നും ഇത് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്നും സയ്ന്തിയയിലെ തൃണമൂല്‍ എംഎല്‍എ നിലാബതി സാഹ പറഞ്ഞു.

ഇല്ലംബസാര്‍ എന്ന ഗ്രാമത്തിലും സമാന രീതിയില്‍ നിരവധി ഗ്രാമീണര്‍ തങ്ങളെ തൃണമൂലില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയതായും റിപോര്‍ട്ടുണ്ട്. സയ്ന്തിയ, നാനൂര്‍, ബോല്‍പൂര്‍ എന്നിവിടങ്ങളില്‍ നേരത്തെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ നാട്ടുകാരോട് ക്ഷമാപണം നടത്തി തൃണമൂലില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വാഹനജാഥ നടത്തിയിരുന്നു.

Latest News