മാതാപിതാക്കളേയും കുടുംബത്തേയും മുക്കിക്കൊന്ന് മുങ്ങിയ 19കാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത- മാതാപിതാക്കളേയും സഹോദരിയേയും മുത്തശ്ശിയേയും മുക്കിക്കൊന്ന് കുഴിച്ചുമൂടി മുങ്ങിയ 19കാരന്‍ അറസ്റ്റില്‍. ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് സംഭവം. ഫെബ്രുവരിയില്‍ കൊലപാതകം നടത്തി മുങ്ങിയതായിരുന്നു പ്രതി. ഇതുവരെ പുറത്തറിയാതിരുന്ന കൂട്ടക്കൊലയെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതി ആസിഫ് മുഹമ്മദ് ആണ് സഹോദരന്റെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. തന്നെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും രക്ഷപ്പെടുകയായിരുന്നുവെന്നും സഹോദരന്‍ 21കാരന്‍ ആരിഫ് മുഹമ്മദ് പോലീസിനോട് പറഞ്ഞു. ആരിഫാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതു വരെ പോലീസിനെ സമീപിക്കാതിരുന്നത് ഭയം മൂലമായിരുന്നെന്നും ആരിഫ് പറയുന്നു. 

ഫെബ്രുവരി 28ന് ഇവരെയെല്ലാം മുക്കിക്കൊന്ന ശേഷം വീടിനു സമീപത്തെ ഒരു ഗോഡൗണില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് രണ്ടു പേരേയും ചോദ്യം ചെയ്തു വരികയാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സ്ഥലത്ത് കുഴിച്ചു പരിശോധിക്കാനൊരുങ്ങകുയാണ് പോലീസ്. 

സംഭവത്തെ കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. ഈ കുടുംബത്തിലേ ആരേയും കഴിഞ്ഞ നാലു മാസമായി കണ്ടിട്ടില്ലെന്ന് അയല്‍ക്കാരും പറയുന്നു. കൊല്‍ക്കത്തയില്‍ പുതുതായി വാങ്ങിയ ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയതായി പ്രതി ആസിഫ് പറഞ്ഞിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. പത്താം ക്ലാസ് പാസായ ശേഷം വീട്ടുകാര്‍ ഒരു ലാപ്‌ടോപ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് ആസിഫ് വീടുവിട്ടു പോയിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ ആസിഫിന് മുന്തിയ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും വാങ്ങി നല്‍കിയിരുന്നു. താന്‍ ഒരു ആപ്പ് ഡെവലപ് ചെയ്യുകയാണെന്ന് ആസിഫ് വീട്ടുകാരോട് പറഞ്ഞിരുന്നതായും അയല്‍ക്കാര്‍ പറയുന്നു.
 

Latest News