തിരുവനന്തപുരം- മുഖ്യമന്ത്രി കോവിഡ് വിവരങ്ങൾ അറിയിക്കാനുള്ള പത്രസമ്മേളനം പ്രതിപക്ഷ നേതാക്കളെ അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളേജ് കാലത്തെ കാര്യങ്ങൾ വിളിച്ചുപറയാനുള്ള സമയമല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു. മരംമുറി വിവാദത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നെന്നും കോൺഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. സുധാകരന്റെത് വികട ഭാഷയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ വ്യക്തമാക്കി. സുധാകരൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറും എന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും തെരുവുഗുണ്ടകളുടെ ഭാഷയിൽ സംസ്ഥാന അധ്യക്ഷൻ സംസാരിക്കുന്നത് ആ പാർട്ടിക്ക് ഗുണകരമാണോയെന്ന് കോൺഗ്രസ് പരിശോധിക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.