ജഡ്ജി ബിജെപിക്കാരന്‍, തെളിവായി ചിത്രം; നന്ദിഗ്രാം തെരഞ്ഞെടുപ്പ് ഹര്‍ജി മാറ്റണമെന്ന് മമത

കൊല്‍ക്കത്ത- നന്ദിഗ്രാമിലെ വോട്ടെണ്ണല്‍ ക്രമക്കേട് ആരോപിച്ച് മമത ബാനര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സജീവ ബിജെപി പ്രവര്‍ത്തകനായ ജഡ്ജിയാണെന്ന് ആരോപണം. സജീവ ബിജെപി അംഗമായ ജസ്റ്റിസ് കൗശിക ചന്ദ മുന്‍വിധിയോടെ കേസ് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജി മറ്റൊരു ജഡ്ജിയിലേക്കു മാറ്റണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. കല്‍ക്കട്ട ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജി ആയ ജസ്റ്റിസ് കൗശിക് ചന്ദ ബിജെപി അംഗമാണെന്നും ഇദ്ദേഹത്തെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശയെ മുഖ്യമന്ത്രി മമത എതിര്‍ത്തിട്ടുണ്ടെന്നും മമതയുടെ അഭിഭാഷകന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നല്‍കിയ കത്തില്‍ അറിയിച്ചു. 

ജസ്റ്റിസ് കൗശിക് ചന്ദ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടു. ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനൊപ്പം ഒരു പരിപാടിയില്‍ ജസ്റ്റിസ് കൗശിക് പങ്കെടുക്കുന്ന ചിത്രമാണ് ഇതിലൊന്ന്. 

വോട്ടെണ്ണലില്‍ ക്രമക്കേട് നടത്തിയാണ് നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചതെന്നും തെരഞ്ഞടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മമത സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചപ്പോള്‍ കേസ് ഈ മാസം 24ലേക്ക് മാറ്റിക്കൊണ്ട് ജസ്റ്റിസ് കൗശിക് ചന്ദ ഉത്തരവിട്ടിരുന്നു. 

ജസ്റ്റിസ് കൗശികിനെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സര്‍ക്കാര്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചതാണ്. ഈ പശ്ചാത്തലത്തില്‍ കേസില്‍ മുന്‍വിധി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡലിന് സമര്‍പ്പിച്ച കത്തില്‍ മമതയുടെ അഭിഭാഷകന്‍ ബാനര്‍ജി സഞ്ജയ് ബസു ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് കൗശിക് ചന്ദ ബിജെപി അംഗമാണോ എന്ന് ഉറപ്പില്ല എന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രതികരണം. എന്നാല്‍ അദ്ദേഹം ജഡ്ജി ആകുന്നതിന് മുമ്പ് ബിജെപി ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്നും ഘോഷ് പറഞ്ഞു.

Latest News