Sorry, you need to enable JavaScript to visit this website.

6 ദിവസം പ്രായമായ കുഞ്ഞിനെ 3.6 ലക്ഷത്തിന് വിറ്റു; മാതാപിതാക്കളും വാങ്ങിയ ദമ്പതികളും അറസ്റ്റില്‍

ന്യൂദല്‍ഹി- ആറു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 3.60 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയ മാതാപിതാക്കളേയും കുഞ്ഞിനെ വാങ്ങിയ കുട്ടികളില്ലാത്ത ദമ്പതികളേയും സഹായം ചെയ്തു കൊടുത്ത രണ്ടു പേരേയും പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി എന്ന് മാതാപിതാക്കളായ ഗോവിന്ദ് കുമാര്‍ (30) ഭാര്യ പൂജ ദേവി (28) എന്നിവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നാടകം വെളിച്ചത്തായത്. തങ്ങളുടെ ബന്ധുവായ ഹരിപാല്‍ സിങ് കുഞ്ഞി തട്ടിക്കൊണ്ടു പോയി എന്നാണ് മാതാപിതാക്കള്‍ ആരോപിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചും മാതാപിതാക്കള്‍ പരാതിപ്പെട്ടു. ഇവരുടെ മൊഴികളിലെ വൈരുധ്യമാണ് നാടകം പൊളിച്ചത്. 

കുഞ്ഞിനെ വാങ്ങിയ കുട്ടികളില്ലാത്ത ദമ്പതികള്‍ വിദ്യാനന്ദ് യാദവും (50) ഭാര്യ രംപാരി ദേവിയും (45) നവജാതശിശുവുമായി ബിഹാറിലേക്ക് ട്രെയ്‌നില്‍ യാത്രതിരിച്ചിരുന്നു. ദല്‍ഹി പോലീസില്‍ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് യുപി പോലീസ് ഇവരെ കാന്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടികൂടി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോന്നതല്ല, മൂന്നര ലക്ഷം രൂപ നല്‍കി വാങ്ങിയതാണെന്ന് ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇടപാട് നടന്ന കരാറും ഇവര്‍ പോലീസിനു കാണിച്ചതോടെയാണ് കുഞ്ഞിനെ ത്ട്ടിക്കൊണ്ടു പോയതല്ല, വിറ്റതാണെന്ന് വ്യക്തമായത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഹരിപാല്‍ സിങിനേയും മറ്റൊരാളേയും പോലീസ് പിടികൂടിയത്. ഗുഡ്ഗാവിലെ ആശുപത്രിയില്‍ ജൂണ്‍ എട്ടിനാണ് പൂജ ദേവി കുഞ്ഞിന് ജന്മം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇവര്‍ ബന്ധുവായ ഹരിപാല്‍ സിങിന്റെ വീട്ടില്‍ തങ്ങി. ഒരു കുഞ്ഞിനെ പണം നല്‍കി വാങ്ങാന്‍ തയാറുള്ള ദമ്പതികളെ അറിയുന്ന രമണ്‍ യാദവ് എന്നയാളെ ഹരിപാലിന് അറിയാമായിരുന്നു. ഇയാള്‍ മുഖേനയാണ് വിദ്യാനന്ദത്-രംപാരി ദമ്പതികളെ ഇവര്‍ ബന്ധപ്പെട്ടത്. വിവാഹിതരായി 25 വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികളില്ല. ഇവരെല്ലാം ഹരിപാലിന്റെ ഗുഡ്ഗാവിലെ വീട്ടില്‍ ഒത്തു ചേര്‍ന്നാണ് ഇടപാട് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 15നാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. രണ്ടു ലക്ഷം രൂപ പണമായും ബാക്കി ചെക്കുകളായുമാണ് നല്‍കിയത്. ഇതും പോലീസ് കണ്ടെടുത്തു. 

കുഞ്ഞിനെ വില്‍പ്പന നടത്തി മൂന്നു ദിവസത്തിനു ശേഷം അമ്മയ്ക്ക് മാനസാന്തരമുണ്ടായതായും പോലീസ് പറയുന്നു. പോലീസ് പരാതിക്കു പുറമെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരസ്പര വിരുദ്ധമായ പരാതി നല്‍കിയതും സംഭവം വെളിച്ചത്തുവരാന്‍ കാരണമായി. കുഞ്ഞിനെ പോലീസ് ദല്‍ഹിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Latest News