Sorry, you need to enable JavaScript to visit this website.

വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം 285 പരാതികൾ

റിയാദ് - രാജ്യത്തെ വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് കഴിഞ്ഞ മാസം 285 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. 2020 മെയ് മാസത്തിൽ വിമാന കമ്പനികൾക്കെതിരെ 165 പരാതികൾ മാത്രമാണ് അതോറിറ്റിക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ മാസം ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് സൗദിയക്ക് എതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് നാലു പരാതികൾ തോതിലാണ് സൗദിയക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരിൽ നിന്ന് ലഭിച്ചത്. 77 ശതമാനം പരാതികൾക്കും സൗദിയ നിശ്ചിത സമയത്തിനകം പരിഹാരം കാണുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ഫ്‌ളൈ നാസിന് എതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 13 പരാതികൾ വീതം കഴിഞ്ഞ മാസം ലഭിച്ചു. ഫ്‌ളൈ നാസിന് എതിരായ പരാതികളിൽ 90 ശതമാനത്തിന് കമ്പനി നിശ്ചിത സമയത്തിനകം പരിഹാരം കണ്ടു. 


ഫ്‌ളൈ അദീൽ കമ്പനിക്കെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 37 പരാതികൾ തോതിൽ ലഭിച്ചു. 50 ശതമാനം പരാതികളും കമ്പനി നിശ്ചിത സമയത്തിനകം പരിഹരിച്ചു. ബുക്കിംഗ് റദ്ദാക്കിയതിനെ തുടർന്ന് ടിക്കറ്റ് നിരക്ക് തിരികെ നൽകൽ, സർവീസ് റദ്ദാക്കൽ, സർവീസുകൾക്ക് കാലതാമസം നേരിടൽ എന്നിവയെ കുറിച്ചാണ് വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ പരാതികൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് ലഭിച്ചത്. 


കഴിഞ്ഞ മാസം ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര എയർപോർട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് രണ്ടു പരാതികൾ തോതിലാണ് ദമാം വിമാനത്താവളത്തിനെതിരെ ലഭിച്ചത്. 67 ശതമാനം പരാതികൾക്കും ദമാം എയർപോർട്ട് അധികൃതർ നിശ്ചിത സമയത്തിനകം പരിഹാരം കണ്ടു. രണ്ടാം സ്ഥാനത്തുള്ള അബഹ അന്താരാഷ്ട്ര എയർപോർട്ടിനെതിരെയും ഒരു ലക്ഷം യാത്രക്കാർക്ക് രണ്ടു പരാതികൾ തോതിലാണ് ലഭിച്ചത്. മുഴുവൻ പരാതികളും നിശ്ചിത സമയത്തിനകം അബഹ എയർപോർട്ട് അധികൃതർ പരിഹരിച്ചു. മൂന്നാം സ്ഥാനത്തുള്ള നജ്‌റാൻ വിമാനത്താവളത്തിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് മൂന്നു പരാതികൾ തോതിൽ കഴിഞ്ഞ മാസം ലഭിച്ചു. മുഴുവൻ പരാതികൾക്കും നിശ്ചിത സമയത്തിനകം നജ്‌റാൻ എയർപോർട്ട് അധികൃതർ പരിഹാരം കണ്ടു. 


റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ട്, അൽബാഹ കിംഗ് സൗദ് വിമാനത്താവളം, ജിസാൻ കിംഗ് അബ്ദുല്ല എയർപോർട്ട്, തായിഫ് ഇന്റർനാഷണൽ എയർപോർട്ട്, തബൂക്ക് പ്രിൻസ് സുൽത്താൻ വിമാനത്താവളം, യാമ്പു പ്രിൻസ് അബ്ദുൽമുഹ്‌സിൻ എയർപോർട്ട്, ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, ശറൂറ എയർപോർട്ട്, അൽഖൈസൂമ വിമാനത്താവളം, ബീശ എയർപോർട്ട്, അൽഹസ വിമാനത്താവളം എന്നീ എയർപോർട്ടുകളാണ് പരാതികൾ കുറഞ്ഞ വിമാനത്താവളങ്ങളുടെ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. 

Latest News