തബ്‌ലീഗ് സമ്മേളനത്തിന്റെ പേരില്‍ വിദ്വേഷ വാര്‍ത്ത, ടൈംസ് നൗവിന് ശാസന, രണ്ട് കന്നഡ ചാനലുകള്‍ക്ക് പിഴ

ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആരംഭത്തില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ പേരില്‍ വിദ്വേഷ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടി. 2020 മാര്‍ച്ചില്‍ ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ച് പക്ഷപാതപരമായി റിപ്പോര്‍ട്ട് ചെയ്ത രണ്ട് കന്നഡ വാര്‍ത്താ ചാനലുകള്‍ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി(എന്‍ബിഎസ്എ) പിഴ ചുമത്തി. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാംപയിന്‍ എഗെയ്ന്‍സ്റ്റ് ഹേറ്റ് സ്പീച്ച് നല്‍കിയ പരാതിയിലാണ് എന്‍ബിഎസ്എയുടെ നടപടി. ദേശീയ വാര്‍ത്താ ചാനലായ ടൈംസ് നൗക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ന്യൂസ് 18ന് കന്നഡക്ക് ഒരു ലക്ഷവും സുവര്‍ണ ന്യൂസിന് 50,000 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനകം പിഴ അടക്കണമെന്ന് ചാനലുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂസ് 18 കന്നഡയോട് ഈ മാസം 23നു മുന്‍പായി രാത്രി ഒന്‍പതു മണി വാര്‍ത്താ പരിപാടിയില്‍ വ്യാജ റിപ്പോര്‍ട്ടിന്റെ പേരില്‍ ക്ഷമാപണം നടത്തണമെന്നും എന്‍ബിഎസ്എ നിര്‍ദേശിച്ചു.
തബ്‌ലീഗ് ജമാഅത്ത് രാജ്യത്തെ ബോധപൂര്‍വം അട്ടിമറിക്കുന്നോ? എന്ന പേരില്‍ 2020 ഏപ്രില്‍ രണ്ടിന് ടൈംസ് നൗ സംപ്രേഷണം ചെയ്ത  ചര്‍ച്ചാ പരിപാടിയെ അതോറിറ്റി രൂക്ഷമായി വിമര്‍ശിച്ചു.

 

 

Latest News