Sorry, you need to enable JavaScript to visit this website.

വേഗ റെയിൽ വേണം, മൈസൂരുവിലേക്ക് 


രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മാസത്തെ പ്രധാന പ്രഖ്യാപനമാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ നാല് മണിക്കൂറിനിടയ്ക്ക് എത്താവുന്ന വേഗ റെയിൽ പദ്ധതി നടപ്പാക്കുമെന്നത്. കേരളം രണ്ടാം ലോക്ഡൗണിൽ കഴിയുന്നതിനിടയ്ക്കാണ് ഇതേക്കുറിച്ച് കേൾക്കുന്നത്. സംസ്ഥാനം കേൾക്കാൻ കാത്തിരുന്ന ആഹ്ലാദ വാർത്തയൊന്നുമല്ലിത്. കഴിഞ്ഞ ദിവസം കൈരളിയിലൊരു പ്രൊപ്പഗൻഡ വാർത്ത ഇതു സംബന്ധിച്ചുണ്ടായിരുന്നു. 1750 രൂപ ചെലവിൽ കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനുള്ള  റെയിൽ വരുന്നതിൽ പുളകിതരാവണമെന്ന് വിളംബരം ചെയ്യുന്ന വാർത്ത. നിലവിൽ കാസർകോട്-തിരുവനന്തപുരം റെയിൽ പാതയുണ്ട്. അതിന് ഏതാണ്ട് സമാന്തരമായാണ് പുതിയ വേഗ പാത. കൈരളിക്കാരൻ പദ്ധതിയെ വിമർശിക്കുന്നവർ പറയുന്നത് വാർത്തയിൽ പരാമർശിക്കുന്നുണ്ട്. കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ വിമാനമുണ്ട്. ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് ഈ ദൂരം താണ്ടാം. ചെലവ് 2500 രൂപ വരും. പ്രോജക്റ്റ് ഇരുപത് വർഷത്തിനകം യാഥാർഥ്യമാവുമ്പോൾ 750 രൂപ ലാഭിച്ച് ട്രെയിനിൽ യാത്ര ചെയ്യാം. മാത്രമല്ല, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് തലസ്ഥാന നഗരിയിലേക്ക് രാവിലെയും വൈകുന്നേരവും ഏതാനും വിമാന സർവീസുകൾ മാത്രമേയുള്ളൂ. വളരെ ദുർബലമായ ന്യായമാണിത്. ഇപ്പോൾ ട്രെയിനിൽ കാസർകോട് തിരുവനന്തപുരം യാത്രയ്ക്ക് 500 രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ. ആഭ്യന്തര വിമാനങ്ങളിൽ നോക്കിയും കണ്ടും ബുക്ക് ചെയ്താൽ ആയിരം രൂപയിൽ താഴെ ചെലവിൽ ഇതേ ദൂരത്തിൽ പറക്കാനാവും. മഹാമാരി ഉയർത്തുന്ന വെല്ലുവിളി നിലനിൽക്കുമ്പോൾ തന്നെ ധിറുതി പിടിച്ച് ഈ പദ്ധതി നടപ്പാക്കേണ്ട കാര്യമുണ്ടോ? 


തിരുവനന്തപുരം മുതൽ കാസർകോട് വരെ 4130 ഏക്കർ ഭൂമിയാണ് കെ റെയിൽ പാതക്കായി ഏറ്റെടുക്കേണ്ടി വരിക. പാതയ്ക്ക് മാത്രമായി 1630 ഏക്കർ ഭൂമി വേണം. 10 ജില്ലകളിൽ സ്റ്റേഷനുകളും അവയോടനുബന്ധിച്ച് സ്മാർട്ട് സിറ്റികളും സ്‌പെഷ്യൽ സോണുകളും വിഭാവനം ചെയ്യുന്നുണ്ട്. അവക്കായി 2500 ഏക്കർ വേണമെന്നും പദ്ധതിയുടെ വിവിധ രേഖകളിൽ പറയുന്നു.  ഭൂമി ഏറ്റെടുക്കലിനു മാത്രം 13,265 കോടി രൂപ ആവശ്യമാണെന്ന് പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നു. അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ്  സംസ്ഥാന സർക്കാരിന്.  റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് ശേഷം സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ്  സാമൂഹികാഘാത പഠനം നടത്താനും ആ റിപ്പോർട്ട് വിലയിരുത്താനുള്ള വിദഗ്ധ സമിതിയെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർ കൊണ്ട് പിന്നിട്ട്  കാസർകോട്ടെത്തുന്ന സിൽവർ ലൈനിൽ 11 സ്റ്റേഷനുകളുണ്ടാകും. കൊച്ചി വിമാനത്താവളത്തിലും സ്റ്റേഷനുണ്ടാകും. 


നെൽപാടങ്ങളുടെ നികത്തൽ, ഭൂതലത്തിലൂടെ കടന്നുപോകുന്ന പാതയുടെയും പാലങ്ങളുടെയും ഫ്‌ളൈ ഓവറുകളുടെയും നിർമാണം എന്നിവക്കെല്ലാം പ്രകൃതിവിഭവങ്ങൾ വൻതോതിൽ വിനിയോഗിക്കേണ്ടിവരും. ഭൂമി നഷ്ടപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുവാനാണ് സർക്കാർ തീരുമാനം. എതിർപ്പുകൾ പരിഹരിച്ച് വളരെ വേഗത്തിൽ കാര്യങ്ങളുമായി മുമ്പോട്ട് പോകുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാന വിഹിതമായി കിഫ്ബിയിൽനിന്ന് 2100 കോടി രൂപ വായ്പയെടുക്കാനും ഭരണാനുമതിയായിട്ടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതിക്ക് ആകെ ലഭ്യമാകുക 2150 കോടി മാത്രമായിരിക്കുമെന്നുമാണ് നീതി ആയോഗ് പറയുന്നത്. പദ്ധതി പൂർണമാകാൻ വേണ്ടിവരിക 63,940 കോടി രൂപയാണെന്നാണ് കമ്പനിയുടെ അവകാശവാദം.  1,26,081 കോടി രൂപ ചെലവ് വരുമെന്നാണ് നീതി ആയോഗ് കണക്കാക്കുന്നത്.


പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ നിക്ഷേപമായിരിക്കുമിത്. 3500 ഏക്കർ  ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കേണ്ടത്. 80,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ഭവനരഹിതരാവും. 132 കിലോമീറ്റർ പ്രദേശത്തെ നെൽവയലുകൾ അപ്രത്യക്ഷമാവും. പത്ത് റെയിൽവേ സ്റ്റേഷനുകൾ പണിയാൻ 2500 ഏക്കർ വേറെയും വേണം. 2011 മുതൽ തന്നെ ഇങ്ങനെ ഒരു ആശയമുണ്ടായിരുന്നു. ഇതിനായി രൂപീകരിച്ച കമ്പനി 2018 ൽ ഉപേക്ഷിക്കുകയും ചെയ്തു. ഖജനാവിന് നഷ്ടം 100 കോടി. ഇനി എല്ലാ തടസ്സങ്ങളും അതിജീവിച്ച് പണം സ്വരൂപിച്ച് ഈ പദ്ധതി 2035 ൽ യാഥാർഥ്യമായെന്ന് തന്നെ വെക്കുക. പരമാവധി 150 കിലോമീറ്റർ വേഗത്തിലെ ട്രെയിനുകളാണ് ഓടുക. 


ഇന്ത്യയിൽ ഇപ്പോാൾ തന്നെ 160 കിലോമീറ്റർ വേഗമുള്ള നിസാമുദ്ദീൻ-ഝാൻസി ഗതിമാൻ എക്‌സ്പ്രസ് പോലുള്ള ട്രെയിനുകളുണ്ട്. അതിന്റെയെല്ലാം വേഗംത 200 കിലോ മീറ്ററിലെത്തുമ്പോഴാണ് നമ്മുടെ 150 കിലോ മീറ്റർ വേഗമുള്ള ട്രെയിൻ പരിഷ്‌കാരിയെ പോലെ എത്തുക. 
തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ റെയിൽ പാതയിൽനിന്ന് മാറിയും തുടർന്ന് കാസർകോട് വരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സിൽവർ ലൈൻ നിർമിക്കുന്നത്. 
 യാത്രാ സമയം (532 കിലോമീറ്റർ ദൂരം) 12 ൽ നിന്ന്  4 മണിക്കൂറായി കുറക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 


അടിസ്ഥാന സൗകര്യ വികസനത്തിൽ എളുപ്പത്തിലുള്ള കണക്ടിവിറ്റി പ്രധാനമാണ്. കേരളത്തിലിത് ഇപ്പോൾ തന്നെ ലഭ്യമാണ്. അമേരിക്ക, യൂറോപ്പ് മേഖലകൾക്ക് സമാനമാണ് നമ്മുടെ കണക്ടിവിറ്റി. കേരളത്തിൽ നാല് വിമാനത്താവളങ്ങൾ. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ. കാസർകോടിനോട് മുട്ടിയിരുന്നി നിൽക്കുന്ന മംഗലാപുരം കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് അഞ്ചാവുന്നു. കൈയിൽ പണമുള്ള അത്യാവശ്യക്കാരന് ഈ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തിൽ എവിടെയും യാത്ര ചെയ്യാം. നിർദിഷ്ട പദ്ധതിയുടെ വൻ ചെലവൊന്നുമില്ലാതെ വേണമെങ്കിൽ വയനാട്, പാലക്കാട്, ഗുരുവായൂർ, തൊടുപുഴ, കോട്ടയം എന്നിവിടങ്ങളിൽ ചെറിയ വിമാനത്താവളങ്ങൾ പണിയുകയുമാവാം. നെടുമ്പാശ്ശേരി മോഡലിൽ പണം മുടക്കാനും വ്യവസായികൾ മുന്നോട്ട് വരുമെന്നതിൽ സംശയമില്ല. കണ്ണൂരിന്റെ വേഗത്തിലാണ് നിർമിക്കുന്നതെങ്കിൽ അടുത്ത അഞ്ച് വർഷത്തിനകം ഈ എയർ സ്ട്രിപ്പുകൾ യാഥാർഥ്യമാക്കാനാവും. 
കെ റെയിൽ പദ്ധതിക്കെതിരെ സമരം കൂടുതൽ ശക്തമാക്കുകയാണ് പദ്ധതി മൂലം കിടപ്പാടം നഷ്ടമാകുന്നവർ. 11 ജില്ലകളിലെ പ്രതിഷേധക്കാരെ കൂട്ടിയോജിപ്പിച്ച് സമരം സംസ്ഥാന വ്യാപകമാക്കുവാനണ് തീരുമാനം. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.


കോഴിക്കോട് ജില്ലയിൽ വീടും സ്ഥലവും നഷ്ടമാകുന്നവർ വെങ്ങളത്ത് കഴിഞ്ഞ 254 ദിവസമായി പദ്ധതിക്കെതിരെ സമരത്തിലാണ്. ജനവാസ മേഖലയിലൂടെ കടന്നു പോകുന്ന പദ്ധതി മൂലം നിരവധി പേർ കുടിയിറക്കപ്പെടുമെന്നാണ് ഇവരുടെ നിലപാട്. പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം കൊടുത്തതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. കാട്ടിലപ്പീടിയകയിലെ സത്യഗ്രഹ പന്തലിനു സമീപമായിരുന്നു സമരം. വരുംദിവസങ്ങളിൽ എല്ലാം ജില്ലകളിലും കിടപ്പാടം നഷ്ടമാകുന്നവരെ യോജിപ്പിച്ച് സമരം ശക്തമാക്കുവാനാണ് ജനകീയ പ്രതിരോധ സമര സമിതിയുടെ തീരുമാനം.


ജനശതാബ്ദി, രാജധാനി പോലുള്ള സ്പീഡ് ട്രെയിനുകൾ ഇപ്പോൾ തന്നെ തലസ്ഥാനത്തിനും കണ്ണൂരിനുമിടയിലുണ്ട്. തിരുവനന്തപുരത്തിന്റെ ഉപഗ്രഹ സ്റ്റേഷനായ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന ദീർഘദൂര അതിവേഗ ട്രെയിനുകൾ വേറെയും ധാരാളമുണ്ട്. നിലവിലെ റെയിലിൽ സമാന്തരമായി പണിയുന്ന പ്രത്യേകിച്ച് പ്രയോജനമില്ലാത്ത കെ റെയിലിന് പകരം അൽപം ദീർഘ വീക്ഷണത്തോടെ പുതിയ പാത പണിതു കൂടെ? കേരളത്തിൽ കാര്യമായ ഐ.ടി സ്ഥാപനങ്ങളൊന്നുമില്ലാത്തതിനാൽ നമ്മുടെ യുവാക്കൾ ചേക്കേറുന്നത് ബംഗളൂരുവിലേക്ക്. മലബാർ പ്രദേശത്തെ കുട്ടികൾക്ക് ബംഗളൂരുവിലെത്താൻ സേലം വഴിയൊക്കെ കറങ്ങി എട്ട് മണിക്കൂർ നേരെ കൂടുതലായി യാത്ര ചെയ്യണം. ഇന്ത്യ സ്വതന്ത്രയായ ശേഷം പുതിയ റെയിൽ പാതയൊന്നും വരാത്ത പ്രദേശമാണ് വടക്കൻ കേരളം. ബ്രിട്ടീഷുകാർ ആലോചിച്ച് യാഥാർഥ്യമാക്കാനിരുന്ന പദ്ധതിയാണ് തലശ്ശേരി-മൈസൂരു റെയിൽവേ. ഒന്നാം ലോക മഹായുദ്ധം തുടങ്ങിയില്ലായിരുന്നുവെങ്കിൽ തലശ്ശേരിയിൽ നിന്ന് കുടക്, മൈസൂരു വഴി യാത്രക്കാർ ബംഗളൂരുവിലെത്തുന്നുണ്ടാവുമായിരുന്നു.

ഇന്ത്യയുടെ ആദ്യ റെയിൽവേ മന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും ഈ പദ്ധതി നടപ്പാക്കാനുദ്ദേശിച്ചിരുന്നു. വടക്കൻ കേരളത്തിലെ രാഷ്ട്രീയ പ്രമാണിമാർക്ക് ട്യൂബ് കത്താഞ്ഞതുകൊണ്ടു മാത്രം ഇത് നേടിയെടുക്കാനായില്ല. വയലാർ രവിയും വി.എം. സുധീരനും എ.കെ. ആന്റണിയും കെ. കരുണാകരനും മനസ്സ് വെച്ചതുകൊണ്ടാണ് എറണാകുളം-ആലപ്പുഴ തീരദേശ പാത യാഥാർഥ്യമായത്. പിന്നീട് തിരുവിതാംകൂറിലെ കാര്യവിവരമുള്ള രാഷ്ട്രീയക്കാർ ഉത്സാഹിച്ച് ഇതിനെ കായംകുളം വരെ ദീർഘിപ്പിച്ച് നിലവിലെ മെയിൻ ലൈനുമായി ബന്ധിപ്പിച്ചു. എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിൽ സമാന്തര പാതയുമായി. വടക്കൻ കേരളത്തിൽ ഷൊർണൂർ-മഗലാപുരം പാത മാത്രമേയുള്ളൂ. തലശ്ശേരി-മൈസൂരു വേഗ പാത നിർമിച്ചാൽ കേരളത്തിൽ നിന്ന് കൊങ്കൺ വഴി ഉത്തരേന്ത്യയിലേക്കും ബദൽ റെയിൽ പാതയായി ഇത് മാറും. 


1947 ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം ഒരു റെയിൽ പദ്ധതിയും വരാത്ത പ്രദേശമാണ് മലബാർ മേഖല. ബ്രിട്ടീഷ് ഭരണകാലത്ത് ഇപ്പോഴത്തെ കേരളത്തിലെ ആദ്യ റെയിൽ പാത വന്നത് ഈ പ്രദേശത്താണ്. ബ്രിട്ടീഷുകാർ തലശ്ശേരി-മൈസൂർ റെയിൽ പാത നിർമിക്കാൻ ഉദ്ദേശിച്ചിരുന്നു. ഏറ്റവുമൊടുവിലത്തെ കണക്കുകൾ പ്രകാരം 5000 കോടിയിൽ താഴെ മാത്രമേ ഇതിന് ചെലവാകുകയുള്ളൂ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളവും കുടകും ബന്ധിപ്പിച്ച് മൈസൂരിലേക്ക് പാത വരുമ്പോൾ കേരളവും ബംഗളൂരുവും കൂടുതൽ അടുക്കുന്നു. പെട്ടെന്ന് നിർമാണം  പൂർത്തിയാക്കാനുമാവും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടാമൂഴം ലഭിച്ച മുഖ്യമന്ത്രിയുടെ തട്ടകമാണ് പൈതൃക നഗരമായ തലശ്ശേരി.  പിണറായി വിജയന്റെ കാലത്തെ ഏറ്റവും വലിയ പദ്ധതിയായി തലശ്ശേരി-മൈസൂരു റെയിൽവേയെ കുറിച്ച് തലമുറകൾ പറഞ്ഞുകൊണ്ടേയിരിക്കും. കേരളത്തിൽ സന്തുലിത വികസനം ഉറപ്പാക്കുകയുമാവാം. 

Latest News