Sorry, you need to enable JavaScript to visit this website.

കുട്ടനാട്ടുകാരുടെ വിലാപവും മന്ത്രിയുടെ പ്രതികരണവും

ഒരു ജനത ഒന്നടങ്കം ഞങ്ങളെ രക്ഷിക്കണേ എന്നു നിലവിളിക്കുമ്പോൾ അതിൽ ഗൂഢാലോചന ആരോപിക്കുന്ന ഒരു മന്ത്രിയുടെ നിലപാട് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. ഓരോ വർഷവും ഒന്നിൽ കൂടുതൽ തവണ പ്രളയ ദുരന്തങ്ങൾക്ക് ഇരകളാകുന്ന കുട്ടനാട് നിവാസികളെയാണ് മന്ത്രി സജി ചെറിയാൻ ഇത്തരത്തിൽ ആക്ഷേപിക്കുന്നത്. കക്ഷിരാഷ്ട്രീയ, ജാതി മത ചിന്തകൾക്കതീതമായി അവിടത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ Save Kuttanad Campaign ആരംഭിച്ചതാണത്രേ മന്ത്രിയെ പ്രകോപിപ്പിച്ചത്.

അവസാനമില്ലാത്ത ദുരന്തങ്ങൾ ആവർത്തിക്കുകയും മാറിമാറി ഭരിച്ച സർക്കാരുകളിൽ നിന്ന് കാര്യമായ നടപടികളൊന്നുമില്ലാതിരിക്കുകയും ചെയ്തതോടെ ഇവിടത്തുകാർ നാടുവിടാനാരംഭിച്ചെന്ന് സേവ് കുട്ടനാട് ഫോറം പ്രവർത്തകർ പറയുന്നു. 2018 ഓഗസ്റ്റിൽ വലിയ കൂട്ടപലായനം നടന്നു, ആഴ്ചകൾക്ക് ശേഷം അവർ തിരികെ എത്തി. എന്നാൽ അത് ഒരു തുടക്കം മാത്രമായിരുന്നു. സ്ഥിരമായും താത്കാലികമായും കുട്ടനാട്ടിൽ നിന്ന് സമീപ നാടുകളിലേയ്ക്ക് ആളുകൾ താമസം മാറ്റിക്കൊണ്ടിരിക്കുന്നു. പ്രാഥമിക വിലയിരുത്തലിൽ 2018 ന് ശേഷം കുട്ടനാട്ടിലെ 14 വില്ലേജുകളിൽ  12 ൽ നിന്നും പ്രതിവർഷം 25 മുതൽ 50 വരെ കുടുംബങ്ങൾ സ്ഥിരമായി മാറിത്താമസിക്കുന്നു. കൂടാതെ കഴിഞ്ഞ 2 വർഷത്തിനിടയിൽ ആയിരത്തിലധികം കുടുംബങ്ങളാണ് അന്യസ്ഥലം തേടിപ്പോയത്. ഭാവിയിൽ ഇത് കുട്ടനാടിന്റെ നിലനിൽപിനെ പ്രതികൂലമായി ബാധിക്കുമെന്നും  ഭൂമിശാസ്ത്രപരവും കാർഷികവും സാമുദായികവുമായ സന്തുലിതാവസ്ഥയിൽ പല മാറ്റങ്ങളും ഉണ്ടാക്കുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. അത് ഈ നാടിന്റെ പ്രകൃതിയുടെയും കുട്ടനാടൻ സ്‌നേഹ സംസ്‌കാരത്തിന്റെയും തകർച്ചയ്ക്ക് കാരണമാകും. അതിനാൽ ഒരു പലായനം ഒരു സംസ്‌കൃതിയുടെ വിലാപത്തിന് കാരണമാകാതെ കാക്കാൻ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 1100 ച.കി.മീ വിസ്തൃതിയുള്ള പ്രദേശമാണ് കുട്ടനാട്. അതിൽ 289 ച.കി.മീ വീസ്തൃതി വരുന്ന പ്രദേശമാണ് കുട്ടനാട് താലൂക്ക്.  സമുദ്ര നിരപ്പിൽ നിന്ന് 2 മുതൽ 10 അടി വരെ താഴ്ന്ന പ്രദേശങ്ങളാണ് ഭൂരിപക്ഷവും. 14 വില്ലേജുകളായും 2 വികസന ബ്ലോക്കുകളായും തിരിച്ചിരിക്കുന്ന കുട്ടനാട്ടിലെ ജനസംഖ്യ 2011 ലെ കണക്ക് പ്രകാരം ഒരു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി ഏഴ് ആയിരുന്നു. കുടുംബങ്ങളുടെ എണ്ണം 47,416 ഉം. അതിൽ നിന്നാണ് ഏകദേശം 2 ശതമാനത്തിലധികം കുടുംബങ്ങൾ (ഏകദേശം 5000 ആളുകൾ) പലായനം ചെയ്തിരിക്കുന്നത്.  ഇനിയും പ്രളയങ്ങൾ വന്നാൽ പലായനങ്ങളുടെ എണ്ണവും വ്യാപ്തിയും വർധിക്കും എന്നതിൽ തർക്കമില്ല

തന്റേയും കുടുംബത്തിന്റേയും ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുകയും അക്കാര്യത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്ന് നടപടികൾ ഉണ്ടാകാതിരിക്കുകയും മറ്റൊരു മാർഗവുമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ ജനങ്ങൾ പലായനത്തിനൊരുങ്ങുക. വെള്ളപ്പൊക്കങ്ങൾ കുട്ടനാടൻ ജനതക്ക് ഒരു പുതിയ അനുഭവമല്ല. മുൻകാലത്തെല്ലാം അതൊരു അനുഗ്രഹം പോലുമായിരുന്നു. 
കൃഷിയിടങ്ങൾ സമ്പുഷ്ടമാക്കി കയറിയിറങ്ങിപ്പോയിരുന്ന വെള്ളപ്പൊക്കം അടുത്ത പുഞ്ചകൃഷിക്കുള്ള വളക്കൂറുള്ള എക്കൽ കൃഷിയിടങ്ങളിൽ എത്തിച്ചിരുന്നു. എന്നാലിപ്പോൾ തോടുകളും പുഴകളും തടാകങ്ങളും വെള്ളത്തെ ഉൾക്കൊള്ളാനാവാത്ത വിധം മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നു. രണ്ട് ദിവസം നാട്ടിലോ മലനാട്ടിലോ തുടർച്ചയായി മഴ പെയ്താൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കമാണ്. ആ മഴ ഒരാഴ്ച പെയ്താൽ നാട്ടിൽ പ്രളയം ആകും. അതു കൂടാതെ തന്നെ പാടശേഖരത്തിലെ ബണ്ടുകളിലും തുരുത്തകളിലും താമസിക്കുന്നവർക്ക് മടവീഴ്ച മൂലമുള്ള ആണ്ടുവട്ടം മുഴുവൻ നീണ്ടുനിൽക്കുന്ന വെള്ളക്കെട്ടും. മഴ  പെയ്ത് വെള്ളം പൊങ്ങിയാൽ കരമാർഗവും, ജലമാർഗവും യാത്ര പോലും അസാധ്യമാകുന്നു. ഇതൊക്കെയാണ് പലായനത്തിനു കാരണമാകുന്നത്. 

തണ്ണീർമുക്കം ബണ്ട് നിർമിക്കുന്നതിന് മുൻപ് കുട്ടനാട്ടിൽ നിലവിലിരുന്ന പുഞ്ചകൃഷി ഫെബ്രുവരിയോടെ വിളവ് എടുത്തിരുന്നു. എന്നാൽ ഇപ്പോൾ അത് മെയ് മാസം വരെ നീണ്ടു. അത് വേനൽ മഴയിലും കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിന് കാരണമാക്കി എന്നും നാട്ടുകാർ പറയുന്നു. 
തണ്ണീർമുക്കം ഷട്ടറുകളും തോട്ടപ്പള്ളി ഷട്ടറുകളും ആവശ്യമായ അറ്റകുറ്റപ്പണികൾ തീർത്ത് സമയത്ത് തുറക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. കുടിവെള്ള ദൗർലഭ്യമാണ് കുട്ടനാട്ടുകാരുടെ മറ്റൊരു ദുരന്തം.  വെള്ളത്താൽ ചുറ്റപ്പെട്ടു കിടന്നിട്ടും  മഴക്കാലത്തു പോലും  കുടിവെള്ളം കിട്ടാക്കനി തന്നെ. ശാസ്ത്രീയമായി റോഡ് നിർമാണത്തിന്നും ബണ്ട് നിർമാണത്തിനുമായി കൊണ്ടുവന്ന ചെമ്മണ്ണും കരിങ്കല്ലും ഇവിടത്തെ  മത്സ്യസമ്പത്തിനെ നശിപ്പിച്ചതും മത്സ്യത്തൊഴിലാളികളെ പലായനത്തിന് പ്രേരിപ്പിച്ചു. ഇവിടെനിന്ന് വിവാഹം കഴിക്കാൻ പോലും മറുനാട്ടുകാർ മടിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ദുരന്തങ്ങളുടെ കേന്ദ്രമായതിനാൽ ഭൂമിക്കു വില കുറഞ്ഞതോടെ കിട്ടിയ വിലക്ക് വിറ്റാണ് പലരും സ്ഥലം വിടുന്നത്. 

ഇത്തരമൊരു സാഹചര്യത്തിലാണ് സേവ് കുട്ടനാട് ഫോറം എന്ന പേരിൽ നാട്ടുകാർ ഒന്നിച്ചത്. ജനിച്ച നാട്ടിൽ അന്തസ്സോടെ, സുരക്ഷിതരായി ജീവിക്കാനുള്ള അവകാശത്തിനാണ് അവർ പോരാടുന്നത്. അതാകട്ടെ തികച്ചും സമാധാനപരമായി. ഇതൊരു സമരമല്ലെന്നും കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നതിനാൽ തങ്ങൾ കരയുകയാണെന്നുമാണ് അവർ പറയുന്നത്. തങ്ങളുടെ കരച്ചിൽ അധികാരികൾ കേൾക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ അതിനോടുള്ള മന്ത്രിയുടെ പ്രതികരണം ജനാധിപത്യ സംവിധാനത്തിനു യോജിച്ചതല്ല എന്നു പറയാതിരിക്കാനാവില്ല.  2018 ലെ പ്രളയസമയത്ത് പട്ടാളത്തെ അയക്കൂ, ഹെലികോപ്റ്ററുകൾ അയക്കൂ, ഇല്ലെങ്കിൽ പതിനായിരങ്ങൾ മരിച്ചുപോകുമെന്ന് അലമുറയിട്ടയാളായിരുന്നു ഇദ്ദേഹമെന്നത് മറക്കാതിരിക്കാം. 

Latest News