ഇടുക്കി- അണക്കരയില്‍ മാലിന്യമിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിയ സംഭവം കേരളം നടുക്കത്തോടെയാണ് കേട്ടത്. വീട്ടമ്മയായ ജോമോള്‍ മുമ്പും സമാനമായ രീതിയില്‍ മറ്റൊരു അയല്‍വാസിയുടെ കൈവെട്ടിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
ഇപ്പോള്‍ വെട്ടേറ്റ യുവാവ് മനുവിന്റെ സുഹൃത്ത് ജിബിനാണ് തന്റെ പിതാവിന്റെ കൈ ജോമോള്‍ വെട്ടിയ കാര്യം വെളിപ്പെടുത്തിയത്.
പ്രകോപനമില്ലാതെയാണ് ജോമോള്‍ യുവാവായ മനുവിന്റെ കൈവെട്ടിയതെന്നും നേരത്തേയും ഇവര്‍ ഇത്തരത്തില്‍ കൈ വെട്ടിയിട്ടുണ്ടെന്നും ജിബിന്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ് തന്റെ പിതാവിനെ ജോമോളും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് അക്രമിച്ചിട്ടുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും ജിബിന്‍ പറയുന്നു. വീട്ടിലെ വളര്‍ത്തുപട്ടിയുമായി ബന്ധപ്പെട്ട വിഷയമാണ് അന്ന് പ്രശ്നത്തിലേക്ക് നയിച്ചതെന്നും ജിബിന്‍ വ്യക്തമാക്കി.
പത്ത് വര്‍ഷം മുമ്പ് എന്റെ അച്ഛന്റെ വലത് കൈ വെട്ടി. ശേഷം തുന്നിചേര്‍ക്കുകയായിരുന്നു. ഞങ്ങളുടെ വീട്ടില്‍ രണ്ട് പട്ടികുഞ്ഞുങ്ങളുണ്ടായിരുന്നു. പട്ടിയെ അഴിച്ച് വിടാറുണ്ടായിരുന്നില്ല. എന്നാല്‍ പട്ടിയെ കൊണ്ട് ഭയങ്കര ശല്യമാണെന്ന് പറഞ്ഞ് ജോമോള്‍ വാര്‍ഡ് മെമ്പര്‍ക്ക് പരാതി കൊടുത്തു. അഴിച്ചുവിടാത്ത പട്ടിയെ കൊണ്ട് നിങ്ങള്‍ക്ക് എന്ത് പ്രശ്നമാണെന്ന് ചോദിച്ചു. പിന്നീട് ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. അത് കഴിഞ്ഞ് വൈകുന്നേരം ഒരു ഏഴ് മണിക്ക് ഇവര്‍ ഭര്‍ത്താവിനൊപ്പം ഒരു വാക്കത്തി എടുത്ത് വഴിയില്‍നിന്ന് വെട്ടുകയായിരുന്നു. ഇതുമായി നേരെ പോലീസ് സ്റ്റേഷനില്‍ പോയി. പോലീസ് ഒരു പരാതി നല്‍കാന്‍ പറഞ്ഞു. അതേ പൊലീസുകാര് പിറ്റേ ദിവസം അമ്മയോട് മോശമായി പറഞ്ഞു. ഞങ്ങള്‍ പരാതിക്കാരല്ലേയെന്ന് ചോദിച്ചപ്പോള്‍ അതിനൊന്നും വാല്യൂ ഇല്ലെന്നാണ് പറഞ്ഞത്.' -ജിബിന്‍ പറയുന്നു.







 
  
 