Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസി നേപ്പാള്‍ പ്രവാസിയായി, മേലാറ്റൂര്‍ സ്വദേശിയുടെ കഥ

ഷൗക്കത്തലിയും ഹോട്ടല്‍ ഉടമ മുഹമ്മദ് ഇബ്രാഹിമും

മലപ്പുറം- കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പലരുടേയും പ്രവാസ ജീവിതവും മാറ്റി മറിച്ചിരുന്നു. യഥാസമയം ഗള്‍ഫ് നാടുകളില്‍ തിരിച്ചെത്താനാകാതെ പലര്‍ക്കും ജോലി നഷ്ടമായി. പലരും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി.
അവധിക്കാലം കഴിഞ്ഞ് സൗദിയിലേക്കാണ് മടങ്ങിയതെങ്കിലും അവിടെ എത്താനാകാതെ നേപ്പാളില്‍ കുടുങ്ങി അവിടെ ജോലി കണ്ടെത്തിയിരിക്കയാണ് മലപ്പുറം മേലാറ്റൂര്‍ ഓലപ്പാറ സ്വദേശി പി.ടി.ഷൗക്കത്തലി.
നേപ്പാളില്‍ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് വിമാനം കയറുകയായിരുന്നു ലക്ഷ്യം. എന്നാല്‍ യഥാസമയം ഇഖാമ പുതുക്കി ലഭിക്കാത്തതിനാല്‍  യാത്ര മുടങ്ങി.
നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് ഷൗക്കത്തലിക്കു നേപ്പാളില്‍ ജോലി കിട്ടിയത്. രണ്ടര മാസമായി കഠ്മണ്ഡു മൗണ്ടന്‍ ഗേറ്റ്‌വേ ഹോട്ടലില്‍ പ്രധാന ഷെഫ് ആണ് ഷൗക്കത്തലി.

സൗദിയില്‍  20 വര്‍ഷമായി ഷെഫ് ആയിരുന്ന ഷൗക്കത്തലി അവസാന 13 വര്‍ഷം മക്കയിലാണ് ജോലി ചെയ്തിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഒരു വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്.
സൗദിയിലേക്ക് പോകാനാകാതെ നേപ്പാളില്‍നിന്നു നാട്ടിലേക്കു മടങ്ങാനിരിക്കവെയാണ് താമസിച്ച മൗണ്ടന്‍ ഗേറ്റ് വേ ഹോട്ടല്‍ ഉടമ മംഗളൂരു സ്വദേശി മുഹമ്മദ് ഇബ്രാഹിം ഷൗക്കത്തലിക്ക് ജോലി വാഗ്ദാനം ചെയ്തത്.
 ഹോട്ടലിലെ പ്രധാന ഷെഫ് നാട്ടിലേക്കു മടങ്ങിയ സമയമായിരുന്നു അത്. അങ്ങനെ ഷൗക്കത്തലി അവിടെ പ്രധാന പാചകക്കാരനായി. ഷൗക്കത്തലിയുടെ സൗദിയിലെ ജോലി പരിചയം അധിക യോഗ്യതയാണെന്നും നല്ല കൈപുണ്യമുണ്ടെന്നും നാലു വര്‍ഷമായി നേപ്പാളില്‍ ഹോട്ടല്‍ നടത്തുന്ന മുഹമ്മദ് ഇബ്രാഹിം പറയുന്നു.

 

Latest News