ന്യൂദൽഹി- രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയും ഞാനും പാർലമെന്ററി പാർട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പ്രകടിപ്പിച്ചു എന്നത് സത്യമാണെന്നും ആ കാര്യങ്ങളെല്ലാം രാഹുൽ ഗാന്ധിയോട് വിശദീകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളേക്കുറിച്ച് വിശദമായി പറഞ്ഞു. ആശയങ്ങൾ പങ്കുവെച്ചതിൽ പൂർണ തൃപ്തനാണെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല കൂട്ടിച്ചേർത്തു.
എന്നും കോൺഗ്രസ് ഹൈക്കമാൻഡിനൊപ്പം ചേർന്നു നിന്നിട്ടുള്ളവരാണ് ഞാനും ഉമ്മൻ ചാണ്ടിയും. ഞങ്ങൾ ഇരുവരും കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാണ്. കോൺഗ്രസിന്റെ നന്മയ്ക്ക് വേണ്ടി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കുമൊപ്പം ഉണ്ടാകും.
രാഹുൽ ഗാന്ധിയോട് മനസിലുള്ളതെല്ലാം പറഞ്ഞു. അദ്ദേഹം അത് മനസിലാക്കിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ മനസിലെ എല്ലാ പ്രയാസങ്ങളെല്ലാം മാറി. തന്നേക്കുറിച്ച ഒരു നെഗറ്റീവ് ഫീലിങ്ങും രാഹുൽ ഗാന്ധിക്കില്ലെന്നും വലിയ സ്‌നേഹവും താല്പര്യവും ഇഷ്ടവുമാണ് രാഹുൽ ഗാന്ധിക്കെന്ന് കൂടിക്കാഴ്ചയിൽ നിന്ന് മനസിലായെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിയാകുന്നത് സംബന്ധിച്ച് ചർച്ചയിൽ താൻ ഒന്നും ചോദിച്ചില്ലെന്നും രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒരു സ്ഥാനവുമില്ലെങ്കിലും രാഹുൽ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തിൽ സാധാരണ പ്രവർത്തകനെപ്പോലെ പ്രവർത്തിക്കാൻ തയ്യാറാണ്. ഒന്നാമത്തെ പരിഗണന കേരളമാണെങ്കിലും പാർട്ടി നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.