Sorry, you need to enable JavaScript to visit this website.

കല്ലേറ് നേരിടാന്‍ തലയില്‍ പ്ലാസ്റ്റിക് സ്റ്റൂളുമായി യുപി പോലീസ്; നാണക്കേടിനെ തുടര്‍ന്ന് നടപടി

ലഖ്‌നൗ- അക്രമാസക്തരായ സമരക്കാരെ നേരിടാനിറങ്ങുമ്പോള്‍ റയട്ട് ഗിയര്‍ എന്നുവിളിക്കപ്പെടുന്ന സുരക്ഷാ കവചങ്ങളുമായാണ് പോലീസ് തെരുവിലിറങ്ങുക. ഉത്തര്‍ പ്രദേശിലെ ഉന്നാവ് ജില്ലയിലെ അക്രംപൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളെ നേരിടാന്‍ പോലീസ് റയട്ട് ഗിയറിനു പകരം പ്ലാസ്റ്റിക് സ്റ്റൂള്‍ ഹെല്‍മെറ്റാക്കിയും വള്ളിക്കുട്ട പരിചയായും ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു നാണക്കേടായി. റോഡപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അക്രമാസക്തരായി തെരുവിലിറങ്ങിയ നാട്ടുകാരെ നേരിടാന്‍ ഇറങ്ങിയതായിരുന്നു പോലീസ്. മൃതദേഹങ്ങളുമായി റോഡ് ബ്ലോക്ക് ചെയ്യാനിറങ്ങിയ സമരക്കാരെ തുരത്താനാണ് പോലീസ് ഇറങ്ങിയത്. ലാത്തിയും ഷീല്‍ഡുകളും തോക്കുമായി പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും കല്ലേറുമായാണ് പ്രതിഷേധക്കാർ പോലീസിനെ നേരിട്ടത്. ഇതിനിടെ പ്ലാസ്റ്റിക് സ്റ്റൂള്‍ ഹെല്‍മെറ്റാക്കിയ പോലീസുകാരനും വള്ളിക്കുട്ട പരിചയാക്കിയ സുരക്ഷാസേനാംഗവും ഉള്‍പ്പെട്ട ഒരു വിഡിയോ വൈറലായത് പോലീസിനു നാണക്കേടുണ്ടാക്കി. വേണ്ടത്ര സന്നാഹമില്ലാതെയാണ് പോലീസ് അക്രമികളെ നേരിടാനിറങ്ങിയതെന്നും ആരോപണമുണ്ട്. 

സംഭവത്തില്‍ ഒരു സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഡിജിപി വിശദീകരണം തേടിയിട്ടുണ്ടെന്ന് യുപി പോലീസ് അറിയിച്ചു. സംഘര്‍ഷ ഘട്ടങ്ങളില്‍ അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തന രീതികളുണ്ടെന്നും എല്ലാ ജില്ലകളിലും പോലീസ് ആവശ്യമായ റയട്ട് ഗിയറുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും പാലീസ് പറഞ്ഞു. ഉന്നാവിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര സന്നാഹമില്ലാതെയാണ് സേനാ വിന്യാസം നടന്നത്. ഇതു സംബന്ധിച്ച് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്- പോലീസ് അറിയിച്ചു.

Latest News