Sorry, you need to enable JavaScript to visit this website.

ആശങ്ക വേണ്ട,  കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിച്ചേക്കില്ലെന്ന് പഠനം

ന്യൂദൽഹി- കുട്ടികളിൽ ഉയർന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനം. കോവിഡിന്റെ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാൾ കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കയെ ലഘൂകരിക്കുന്നതാണ് പഠനത്തിലെ പ്രാഥമിക കണ്ടെത്തലുകൾ. വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിന് എയിംസിന്റെ എത്തിക്‌സ് കമ്മിറ്റിയുടെയും പഠനത്തിൽ പങ്കെടുത്ത സ്ഥാപനങ്ങളുടെയും അംഗീകാരവും ലഭിച്ചിട്ടുമുണ്ട്. വിവരം ലഭ്യമായ, പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ, 700 പേർ 18 വയസ്സിനു താഴെയുള്ളവരാണ്. 3809 പേർ പതിനെട്ടു വയസ്സുള്ളവരാണ്. 11, 12, 11, 13, 14 എന്നിങ്ങനെ ആയിരുന്നു ദൽഹി അർബൻ, ദൽഹി റൂറൽ, ഭുവനേശ്വർ, ഗോരഖ്പുർ, അഗർത്തല എന്നിവിടങ്ങളിൽനിന്ന് പഠനത്തിന് വിധേയമാക്കിയ കുട്ടികളുടെ ശരാശരി പ്രായം. മാർച്ച് 15നും ജൂൺ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്. പഠനത്തിന് വിധേയരാക്കിയവരിലെ സാർസ് കൊവ്2 വൈറസിനെതിരായ ടോട്ടൽ സെറം ആന്റിബോഡിയെ കണക്കാക്കാൻ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്നും ഗവേഷകർ പറഞ്ഞു.
പ്രായപൂർത്തിയയവരെ അപേക്ഷിച്ച് കുട്ടികളിൽ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതിനാൽതന്നെ നിലവിലെ കോവിഡ് വകഭേദംമൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലേ പ്രായമുള്ള കുട്ടികളെ ബാധിക്കാൻ സാധ്യത കുറവാണ്.
 

Latest News