മുംബൈ- ജോലി ചെയ്യുന്ന വീടുകളില്‍ മോഷണം പതിവാക്കിയ വേലക്കാരി 50ലേറെ തവണ അറസ്റ്റിലായി. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ചയാണ് 38കാരിയായ യുവതിയെ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു വീട്ടില്‍ നിന്ന് 2500 ഡോളര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 2006 മുതല്‍ ഇന്നുവരെ ഇവര്‍ 50ലേറെ തണവ മോഷണക്കേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വനിത ഗെയ്ക്ക്‌വാദ് എന്നാണ് യുവതിയുടെ പേരെങ്കിലും പിടിക്കപ്പെടാതിരിക്കാനായി ഇവര്‍ സ്ഥിരമായി പേര് മാറ്റി പല പേരുകളിലാണ് ജോലി ചെയ്തു വന്നിരുന്നത്.
കഴിഞ്ഞ മാസം ഒരു ഫാഷന്‍ ഡിസൈനര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വനിതയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. വിലെ പാര്‍ലെയിലെ ഇവരുടെ അപാര്‍ട്‌മെന്റില്‍ വീട്ടുവേലയ്ക്കായി എത്തി 10 ദിവസമായപ്പോഴേക്കും പണം മോഷ്ടിച്ചു മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ക്രിമിനല്‍ റെക്കോര്‍ഡുകളും പരിശോധിച്ചാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പല കേസുകളില്‍ യുവതി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഹൗസിങ് സൊസൈറ്റികളുടെ വാച്ച്മാന്‍മാര്‍ക്ക് നമ്പര്‍ നല്‍കിയാണ് യുവതി വീട്ടുജോലി കണ്ടെത്തിയിരുന്നത്. കോവിഡ് കാരണം പല അപാര്‍ട്ട്മന്റുകളിലും വീട്ടുവേലക്കാര്‍ ഇല്ലായിരുന്നു. ഈ അവസരം മുതലെടുത്താണ് യുവതി ജോലിക്കാരിയായി മോഷണം നടത്താനുള്ള വീടുകള്‍ കണ്ടെത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.