Sorry, you need to enable JavaScript to visit this website.

നിയമങ്ങളും അനുസരണവും വിശ്വാസികളും 


ഒരു സമൂഹത്തിന് സുസ്ഥിരമായ കെട്ടുറപ്പ് നൽകുന്നത് അതിലെ അംഗങ്ങളെ ബന്ധിപ്പിക്കുന്ന ശക്തമായ നിയമങ്ങളാണ്. വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കു മേൽ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരത്തെയാണ് നിയമം എന്ന് പറയുന്നത്. നിയമങ്ങളില്ലാത്ത സമൂഹം മൃഗങ്ങളെക്കാൾ അധഃപതിച്ചിരിക്കും. 'നിങ്ങൾ ഓരോരുത്തരും ഭരണാധികാരികളാണ്. നിങ്ങളുടെ കീഴിലുള്ളവരെ കുറിച്ച് നിങ്ങൾ ഉത്തരവാദികളാണ്.' (ബുഖാരി 5200) എന്ന പ്രസിദ്ധമായ പ്രവാചക വചനം വ്യക്തിയായാലും കുടുംബമായാലും സമൂഹമായാലും നിയമം എന്ന അനിവാര്യഘടകത്തെയാണ് വ്യക്തമാക്കുന്നത്. പാടുണ്ട്, പാടില്ല തുടങ്ങിയ അനുവാദങ്ങളും നിയന്ത്രണങ്ങളും വിലക്കുകളുമെല്ലാം ഉണ്ടാവുമ്പോഴാണ് ഭൂമിയിൽ അച്ചടക്കം ഉണ്ടായിത്തീരുന്നത്. ഏറ്റവും നല്ല സമൂഹത്തെ കുറിച്ച് ഖുർആൻ പറഞ്ഞത് 'അവർ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും' (3:110) എന്നാണ്. ദൈവകോപങ്ങൾക്ക് വിധേയമായ സമൂഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ഖുർആൻ പറഞ്ഞു: 'അവർ ദുരാചാരങ്ങളെ പരസ്പരം തടയുമായിരുന്നില്ല.' (5:79). 


ശക്തമായ അടിത്തറയിൽ നിർമിതമായ നിയമങ്ങളുടെ അനിവാര്യതയാണ് ഇത് അറിയിക്കുന്നത്. മനുഷ്യന്റെ സൃഷ്ടിപരമായ സ്വഭാവവും അവന്റെ പ്രകൃതിയും നിയന്ത്രണങ്ങളുടെ അനിവാര്യത വ്യക്തമാക്കുന്നു. 'തീർച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു' (12:53) എന്ന ഖുർആൻ വചനം മനുഷ്യന് നിയമം മൂലമുള്ള നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പഠിപ്പിക്കുന്നു. അതുകൊണ്ടാണ് സ്വർഗലോകത്ത് നിന്നും മനുഷ്യൻ ഭൂമിയിലേക്കിറങ്ങി വന്നപ്പോൾ സ്രഷ്ടാവ് മനുഷ്യന് പ്രത്യേകമായ ഒരു ഉപദേശം നൽകിയത്. 
'എന്റെ പക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടിവരികയില്ല; അവർ ദുഃഖിക്കേണ്ടിവരികയുമില്ല.' (2:38). മനുഷ്യൻ ഭൂമിയിൽ വാസം തുടങ്ങിയ നാൾ തൊട്ട് നിയമങ്ങൾ അവനെ വലയം ചെയ്തിട്ടുണ്ട് എന്നാണ് ഈ വചനം അറിയിക്കുന്നത്. 


സ്രഷ്ടാവ് മനുഷ്യനു നൽകിയിട്ടുള്ള നിയമങ്ങൾ രണ്ടു വിധത്തിലാണ്. ഒന്ന് പ്രാപഞ്ചിക നിയമങ്ങൾ. മറ്റൊന്ന് മനുഷ്യർക്ക് ഇഛാനുസരണം പ്രവർത്തിക്കാൻ സാധിക്കുന്ന നിയമങ്ങൾ. പ്രാപഞ്ചിക നിയമങ്ങളിൽ മനുഷ്യർക്ക് ഇടപെടാൻ സാധിക്കില്ല. അത് പൂർണമായും സ്രഷ്ടാവിന്റെ നിയന്ത്രണത്തിലാണ്. സൂര്യ ചന്ദ്രന്മാരുടെ ചലനങ്ങൾ, മഴയുടെയും കാറ്റിന്റെയും ഗതികൾ, മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മനുഷ്യർക്ക് ഇടപെടാൻ സാധിക്കില്ല. കിഴക്കുദിക്കുന്ന സൂര്യനെ പടിഞ്ഞാറ് നിന്നുദിപ്പിക്കാൻ മനുഷ്യർ എത്ര കാലം ശ്രമിച്ചാലും സാധിക്കില്ല. അതിൽ മനുഷ്യർക്ക് ഒട്ടും സ്വാതന്ത്ര്യമില്ല. ഭൂമി തിരിയുന്നതിനനുസരിച്ച് തിരിയാനല്ലാതെ അതിനെതിരെ സഞ്ചരിക്കാൻ മനുഷ്യനു സാധിക്കില്ല. 'സ്ഥിതി ചെയ്യാൻ ഒരിടവും ഒരു ഉത്തോലകവും തന്നാൽ ഈ ഭൂമിയെ ഞാൻ ഇളക്കാം' എന്ന് പറഞ്ഞത് ബിസി 287 ൽ ജീവിച്ചിരുന്ന ആർക്കിമിഡീസ് ആയിരുന്നു. എന്നാൽ ഇന്നേവരെ അതിന് മനുഷ്യർക്ക് സാധിച്ചിട്ടില്ല. കാരണം ഓരോ വസ്തുക്കളുടെയും പ്രകൃതി നിയമം സംവിധാനിച്ചിരിക്കുന്നത് സ്രഷ്ടാവാണ്. അതിൽ ഇടപെടാൻ ഒരു ശക്തിക്കും സാധ്യമല്ല. 'ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും, എന്നിട്ട് അതിന് അതിന്റേതായ പ്രകൃതിവഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്' (ഖുർആൻ 20:53) എന്ന മൂസാ നബിയുടെ വാചകങ്ങൾ നൽകുന്ന സന്ദേശം ഇന്നും ഒരു മാറ്റവുമില്ലാതെ അവശേഷിക്കുന്നു. 


മൂസാ നബിയുടെ വചനത്തിൽ പറഞ്ഞത് മനുഷ്യരുടെയോ മറ്റു സൃഷ്ടിജാലങ്ങളുടെയോ കൈകടത്തലുകൾ സാധ്യമല്ലാത്ത സ്രഷ്ടാവിന്റെ പ്രകൃതി നിയമത്തെ കുറിച്ചാണെങ്കിൽ സ്വർഗത്തിൽ നിന്നിറങ്ങി വരുമ്പോൾ ആദം നബിക്ക് നൽകിയ മുകളിൽ ഉദ്ധരിച്ച വചനത്തിൽ പറഞ്ഞത് മനുഷ്യർ സ്വയം അംഗീകരിച്ച് പ്രവർത്തിക്കേണ്ടതും സ്വീകരിക്കാനും തിരസ്‌കരിക്കാനും സാധിക്കുന്നതുമായ നിയമങ്ങളെ കുറിച്ചാണ്. അത്തരം നിയമങ്ങളെ കുറിച്ച് സ്രഷ്ടാവ് മനുഷ്യനോട് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: 'നിസ്സംശയം ഇത് (ഖുർആൻ) ഒരു ഉദ്‌ബോധനമാകുന്നു; അതിനാൽ ആർ ഉദ്ദേശിക്കുന്നുവോ അവനത് ഓർമിച്ചു കൊള്ളട്ടെ.' (ഖുർആൻ 80:1112). ആത്മീയ കാര്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന നന്മ തിന്മകളെ വേർതിരിക്കുന്ന വിഷയങ്ങളിൽ വന്നിട്ടുള്ള ദൈവിക നിയമങ്ങൾ മനുഷ്യർക്ക് സ്വീകരിക്കാനും തിരസ്‌കരിക്കാനും സാധിക്കുന്ന വിധത്തിലാണ് സംവിധാനിച്ചിട്ടുള്ളത്. എന്നാൽ ആർ അവ സ്വീകരിച്ച് പാലിച്ച് ജീവിതം നയിക്കുന്നുവോ അവർക്ക് പരലോകത്ത് രക്ഷയുണ്ട്. ആർ അവ നിരാകരിക്കുന്നുവോ അവർക്ക് പരലോകത്ത് ശിക്ഷയുണ്ട്. 


മനുഷ്യർക്ക് നിയമങ്ങളുണ്ടാക്കാനുള്ള അനുമതി മനുഷ്യരുടെ നിത്യജീവിതത്തിൽ അവരിടപെടുന്ന ഭൗതിക കാര്യങ്ങളിൽ മാത്രമാണ്. 'സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിയെയും അനുസരിക്കാൻ പാടില്ല' എന്നതാണ് പ്രവാചകൻ പഠിപ്പിച്ച നിയമം. അതുകൊണ്ട് സ്രഷ്ടാവ് പഠിപ്പിച്ച നിയമങ്ങൾക്ക് വിരുദ്ധമായി യാതൊന്നും മനുഷ്യന് ഉണ്ടാക്കാൻ പാടില്ല. മനുഷ്യന് ചിന്തിച്ചും ഗവേഷണം ചെയ്തും കണ്ടുപിടിക്കേണ്ടതും അതാത് കാലങ്ങൾക്കാവശ്യമായതുമായ കാര്യങ്ങളിൽ നിയമങ്ങൾ ആവിഷ്‌കരിക്കേണ്ടി വരും. അത്തരം കാര്യങ്ങളാണ് സാധാരണ ഭരണകൂടങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയുടെ ഭരണഘടനയിൽ മുസ്‌ലിംകൾക്ക് ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. ഓരോ മതസ്ഥർക്കും അവരുടെ മതനിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ മതനിയമങ്ങളല്ലാത്ത ഭൗതിക വിഷയങ്ങളിൽ സർക്കാരുകൾ ഉണ്ടാക്കുന്ന നിയമങ്ങൾ പാലിക്കാൻ ഓരോ പൗരനും ബാധ്യതയുണ്ട്. ഭരണഘടന അംഗീകരിക്കുക എന്നത് ഓരോ പൗരനും രാജ്യത്തോട് ചെയ്യുന്ന കരാറാണ്. കരാറുകൾ പാലിക്കുക എന്നത് വിശ്വാസികളെ സംബന്ധിച്ച് നിർബന്ധവുമാണ്. 'സത്യവിശ്വാസികളേ, നിങ്ങൾ കരാറുകൾ നിറവേറ്റുക' (5:1) എന്ന ഖുർആനിക വചനത്തിൽ കരാർ പാലനത്തിന്റെ നിർബന്ധ സ്വഭാവം പഠിപ്പിക്കുന്നു. വിശ്വാസികളുടെ യഥാർത്ഥ വിശേഷണങ്ങൾ പ്രതിപാദിക്കുന്ന അൽമുഅ്മിനൂൻ അധ്യായത്തിൽ (23:8) 'തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവർ' ആയിരിക്കും വിശ്വാസികൾ എന്നു പറയുന്നു. 


ഇന്ത്യയിൽ ഭരണ വ്യവസ്ഥ നടപ്പാക്കുന്നതിന്റെ ഭൗതികമായ രൂപമാണ് ജനാധിപത്യം. എല്ലാ ജനവിഭാഗങ്ങൾക്കും അവരുടേതായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉണ്ടെന്നാണ് അത് താൽപര്യപ്പെടുന്നത്. ഭൂരിപക്ഷാധിപത്യമല്ല ജനാധിപത്യം. ഭൂരിപക്ഷാധിപത്യം ഫാസിസമാണ്. എന്നാൽ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിലുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും അസ്തിത്വം അംഗീകരിക്കുന്ന ഭരണ രൂപത്തിനാണ് ജനാധിപത്യം എന്നു പറയുന്നത്. ജനാധിപത്യം ഒരു മതമോ പ്രത്യയശാസ്ത്രമോ അല്ല; പ്രത്യുത അതൊരു ഭരണ രീതി മാത്രമാണ്. ഏതൊരു ഭരണ രീതിയായിരുന്നാലും അവിടെങ്ങളിലെല്ലാം നിയമങ്ങൾ പാലിക്കുക വിശ്വാസികൾക്ക് നിർബന്ധമാണ്. ഭൗതിക നിയമങ്ങൾ അനുസരിക്കപ്പെടേണ്ടതല്ല എന്നും അതെല്ലാം ലംഘിക്കുന്നതിൽ തെറ്റില്ല എന്നുമെല്ലാമുള്ള ചില വികല ധാരണകൾ സമൂഹത്തിലുണ്ട്. സുശക്തമായ ഒരു കരാർ എന്ന നിലക്കാണ് ഭരണഘടന അംഗീകരിച്ചുകൊണ്ടും പൗരസ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടും ഇന്ത്യയിൽ ജനങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ സ്‌നേഹിക്കുകയും നിയമങ്ങൾ അനുസരിക്കുകയും ചെയ്യുക കരാർ പാലനത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ നന്മക്കും പുരോഗതിക്കും വേണ്ടി ഭരണകൂടങ്ങൾ കൊണ്ടുവരുന്ന പദ്ധതികൾ അംഗീകരിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യേണ്ടതും വിശ്വാസികളുടെ ബാധ്യതയാണ്. 


ജനാധിപത്യ ഭരണ രീതിയിൽ പൗരന്മാർക്ക് അഭിപ്രായം പറയാനും ഭരണകൂടത്തിന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള പദ്ധതികൾ ഭരണകൂടങ്ങൾ കൊണ്ടുവരുമ്പോൾ അത് തെറ്റാണെന്നു ചൂണ്ടിക്കാണിക്കുകയും അതുമായി മുമ്പോട്ട് പോകുന്നതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്നത് അനുവദനീയമായ കാര്യമാണ്. അത്തരം പ്രതിഷേധങ്ങളെ മുഴുവൻ രാജ്യദ്രോഹമായി ചിത്രീകരിക്കുകയല്ല ഭരണകൂടങ്ങൾ ചെയ്യേണ്ടത്. ജനഹിതം മനസ്സിലാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് പരസ്പരമുള്ള സഹകരണത്തിലൂടെയാണ് പദ്ധതികൾ നടപ്പിലാക്കേണ്ടത്. സ്വർഗാവകാശികളാവുന്ന മൂന്ന് വിഭാഗങ്ങളെ കുറിച്ച് പ്രവാചകൻ വിശദീകരിച്ചപ്പോൾ ഒന്നാമതായി പറഞ്ഞത് 'അധികാരം പ്രയോഗിക്കുമ്പോൾ സത്യവും നീതിയും നടപ്പാക്കുന്ന ഭരണാധികാരി' എന്നാണ്. (മുസ്‌ലിം 2865). നീതിമാനായ ഭരണാധികാരിയുടെ പ്രാർത്ഥന മടക്കപ്പെടുകയില്ലെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. ജനഹൃദയങ്ങളിൽ ജീവിച്ചുകൊണ്ട് ജനങ്ങൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ഒരാൾ ഏറ്റവും നല്ല ഭരണാധികാരിയാവുന്നത്. 


ഭരണാധികാരികളുടെ തെറ്റുകൾ തിരുത്തുവാൻ ആത്മാർത്ഥമായി പ്രവർത്തിക്കുവാനാണ് പ്രവാചകൻ വിശ്വാസികൾക്ക് നിർദേശം നൽകിയിട്ടുള്ളത്. ആദ്യം തന്നെ വലിയ എതിർപ്പുകൾ പ്രകടിപ്പിക്കുകയല്ല വേണ്ടത്. തെറ്റുകൾ ഏറ്റവും നല്ല രൂപത്തിൽ ചൂണ്ടിക്കാണിക്കുക. ഉപദേശിക്കുകയും ചെയ്യുക. നേതാവിൽ നിന്നും വെറുക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ആദ്യം ക്ഷമിക്കുകയാണ് വേണ്ടതെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. (മുസ്‌ലിം 1849). എന്നാൽ ഭരണാധികാരി അനീതികളുമായി മുമ്പോട്ട് പോവുകയാണെങ്കിൽ അതിനെ വകവെച്ചുകൊടുക്കുവാനും പാടില്ല. 'ഏറ്റവും വലിയ ത്യാഗം അക്രമിയായ ഭരണാധികാരിയുടെ മുമ്പിൽ സത്യം വെട്ടിത്തുറന്നു പറയലാണ്' (അബൂദാവൂദ് 4344) എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. 
പ്രവാചകൻ (സ്വ) പറഞ്ഞു: 'നിങ്ങൾ ഇഷ്ടപ്പെടുന്നവരും നിങ്ങളെ ഇഷ്ടപ്പെടുന്നവരുമായിട്ടുള്ളവരാണ് ഏറ്റവും നല്ല ഭരണാധികാരികൾ. നിങ്ങൾ വെറുക്കുന്നവരും നിങ്ങളെ വെറുക്കുന്നവരുമാണ് ഏറ്റവും നികൃഷ്ടരായ ഭരണാധികാരികൾ.' സ്വഹാബിമാർ ചോദിച്ചു: 'പ്രവാചകരെ അങ്ങനെ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഭരണാധികാരികളെ അട്ടിമറിക്കുകയല്ലേ വേണ്ടത്?' പ്രവാചകൻ (സ്വ) പറഞ്ഞു: 'നിങ്ങൾ അവരുടെ ഭരണത്തെ വെറുക്കുക, പക്ഷേ നിയമങ്ങൾ അനുസരിക്കുകയും ചെയ്യുക.' (മുസ്‌ലിം 1855).

Latest News