Sorry, you need to enable JavaScript to visit this website.

പെട്രോൾ വില വർധന: കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് എംപിമാർ

ന്യൂദൽഹി- പെട്രോൾ വില വർധന ചർച്ച ചെയ്യാൻ ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് എംപിമാർ. ഇന്ധന വില വർധനയിൽ അതൃപ്തി രേഖപ്പെടുത്തിയ പാർലമെന്ററി സമിതി രാജ്യത്തെ ജനങ്ങൾ നേരിടുന്ന കടുത്ത ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും വില നിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 

വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ പെട്രോൾ, ഡീസൽ വില വർധന തടഞ്ഞ് നിർത്തി ബിജെപിക്ക് നേട്ടമുണ്ടാക്കാൻ ശ്രമിച്ച കാര്യം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിനെ വിമർശന മുനയിൽ നിർത്തി. ഇന്ധന വില നിയന്ത്രിച്ചു നിർത്തി സാധാരണക്കാരനെ കഷ്ടപ്പാടിൽ നിന്നു കരകയറ്റാൻ എന്തു മാർഗമാണ് സർക്കാരിന്റെ മുന്നിലുള്ളതെന്ന എംപിമാരുടെ ചോദ്യത്തിനു മുന്നിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മൗനം പാലിച്ചു നിന്നു.

അതേസമയം, ഇന്ധന വില വർധനക്കെതിരേ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്ന യോഗത്തിൽ പതിവ് ശൈലിയിൽ ക്രൂഡ് ഓയിൽ വിലയേയും രൂപയുടെ മൂല്യം ഇടിഞ്ഞതും ഉൾപ്പെടെയുള്ള കാരണങ്ങൾ നിരത്തി ന്യായീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഇന്ധന വില നിർണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് നൽകിയ തീരുമാനം വളരെ ശരിയാണെന്നാണ് ഇന്നലെയും കേന്ദ്ര സർക്കാർ ന്യായീകരിച്ചത്.

പെട്രോൾ വില വർധനയെ ചോദ്യം ചെയ്ത എംപിമാർ ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി എംപിമാർ അടക്കമാണ് പാർലമെന്ററി സമിതിയിൽ വിഷയം ഉന്നയിച്ച് സർക്കാരിന്റെ പ്രതികരണം ആരാഞ്ഞത്. പെട്രോളിയം - പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ സിപിഎം രാജ്യസഭാ എംപി വി.എം ശിവദാസനും പങ്കെടുത്തിരുന്നു. പെട്രോൾ വില വർധനയിൽ നിന്നും കൊള്ള ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. 

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിലുടക്കി. വില നിയന്ത്രിക്കാൻ ഏക പരിഹാരം ജിഎസ്ടി ആണെന്നായിരുന്നു ബിജെപി എംപിമാരുടെ വാദം. എന്നാൽ വി.എം. ശിവദാസൻ അടക്കം പ്രതിപക്ഷ എംപിമാർ ഇതിനെ എതിർത്തു. 

അതിനിടെ പാർലമെന്ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ രമേഷ് ബിധുരി 2012 ൽ യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്ന കാര്യം ചൂണ്ടിക്കാട്ടി. ഇതോടെ ഇളകിയ പ്രതിപക്ഷ എംപിമാർ അന്ന് ക്രൂഡ് ഓയിൽ ബാരലിന് 140 ഡോളർ ആയിരുന്നു എന്നും ഇന്ന് അതിനേക്കാളും വളരെ താഴ്ന്ന് പകുതി വില മാത്രമാണ് ക്രൂഡ് ഓയിലിന് ഉള്ളതെന്നും തിരിച്ചടിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എണ്ണക്കമ്പനികൾ സാധാരണ ജനങ്ങളെ പിഴിഞ്ഞ് കൊള്ള ലാഭം ഉണ്ടാക്കിയതായി എംപിമാർ ഒന്നടങ്കം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏഴു സംസ്ഥാനങ്ങളിൽ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപയാണ്. മറ്റു സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പെട്രോളിന്റെ വില നൂറ് രൂപയോട് അടുത്തു നിൽക്കുന്നു. കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 44 ദിവസത്തിനിടയിൽ പെട്രോൾ-ഡീസൽ വിലയിൽ 25 തവണയാണ് വർധന ഉണ്ടായത്. 

 

Latest News