Sorry, you need to enable JavaScript to visit this website.

ഒരു മാസത്തിനകം മൂന്നാം തരംഗം; മുന്നറിയിപ്പുമായി മഹാരാഷ്ട്ര ടാസ്‌ക് ഫോഴ്‌സ് 

മുംബൈ- ഇന്ത്യ കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്ന് മുക്തമായി വരികയാണ്. പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവ് നൽകി വരികയാണ്. പുതിയ കേസുകളും രോഗവ്യാപനവും താരതമ്യേന കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗണിൽ ഇളവ് നൽകുന്നത്.  
ഇതിനിടെ മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിക്കുന്നു. അടുത്ത രണ്ട് മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ കോവിഡിന്റെ മൂന്നാം തരംഗം  മഹാരാഷ്ട്രയെ  ബാധിച്ചേക്കുമെന്നാണ് സംസ്ഥാനത്തെ ടാസ്‌ക് ഫോഴ്‌സ് നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കുകയാണെങ്കിൽ, അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും ആരോഗ്യ മന്ത്രിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. രണ്ടാം തരംഗ സമയത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളേക്കാൾ ഇരട്ടി കേസുകൾ മൂന്നാം തരംഗത്തിൽ ഉണ്ടാവുമെന്നാണ് ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നത്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ മഹാരാഷ്ട്രയിൽ 19 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാം തരംഗത്തിൽ 40 ലക്ഷമായിരുന്നു. ഇപ്പോൾ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്. ഇത് എട്ട് ലക്ഷത്തിലേക്ക് എത്തിയേക്കാമെന്നാണ് ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കുന്നത്. രണ്ടാം തരംഗത്തിനു ശേഷം നാലാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ തരംഗമുണ്ടായ ബ്രിട്ടന് സമാനമായ അവസ്ഥ  സംസ്ഥാനത്തിന് നേരിടേണ്ടിവരുമെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ ശശാങ്ക് ജോഷി യോഗത്തിൽ പറഞ്ഞു. 
അതിനിടെ,  സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മൂന്നു ദിവസത്തിനുള്ളിൽ അര കോടിയിലേറെ വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ. 56,70,350 വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 


നിലവിൽ രണ്ട് കോടിയിലധികം വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈയിലുണ്ട്.  ഇതിന് പുറമെ അരക്കോടിയിലധികം വാക്‌സിനുകൾ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതുവരെ 27.28 കോടി വാക്‌സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇടയിൽ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാഴാക്കിയത് അടക്കം 25,10,03,417 ഡോസുകൾ സംസ്ഥാനങ്ങൾ ഉപയോഗിച്ചു. രണ്ടു കോടിയിലധികം വാക്‌സിൻ ഡോസുകൾ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേയാണ് വരും ദിവസങ്ങളിൽ കൂടുതൽ അനുവദിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഇതിനിടെ, ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് 61 ശതമാനം ഫലപ്രദമാണെന്ന് കോവിഡ് വിദഗ്ധ സമിതി മേധാവി ഡോ.കെഎൻ അറോറ അറിയിച്ചു.  
 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്  67,208 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്നലെ മാത്രം സ്ഥിരീകരിച്ചത്  2,330 കോവിഡ് മരണമാണ്. 1,03,570  പേർ ഈ സമയത്തിനിടെ രോഗമുക്തി നേടി. 


രാജ്യത്ത് ഇതുവരെ രോഗബാധിതർ ആയവരുടെ എണ്ണം 2,97,00,313 ആണ്. ഇതിൽ 2,84,91,670  പേർ രോഗമുക്തി നേടി. ആകെ മരണം 3,81,903 നിലവിൽ 8,26,740 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വരെ 26,55,19,251 പേർ വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Latest News