Sorry, you need to enable JavaScript to visit this website.

ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ലീഗ്

കോഴിക്കോട്- കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാൻ മുസ്ലീം ലീഗ് തീരുമാനം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ലീഗ് തീരുമാനം. വൈകിട്ട് നാലിന് പ്രാദേശിക അടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രാദേശികമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഹൈദരലി തങ്ങൾ ആഹ്വാനം ചെയ്തു. ലോക്ഡൗൺ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മാർക്കറ്റുകളും ബീവറേജുകളുമെല്ലാം തുറക്കാൻ അനുമതി നൽകിയ സർക്കാർ ആരാധനാലയങ്ങളോട് വിവേചനം കാണിച്ചത് ശരിയായില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. 
കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യഘട്ടം മുതൽ സർക്കാർ നിയന്ത്രണങ്ങളോട് സഹകരിച്ചവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. ഇനിയും സഹകരിക്കാൻ തയ്യാറുമാണ്. എന്നാൽ എല്ലാം തുറന്നിട്ട് കൊടുക്കുകയും പള്ളികളും അമ്പലങ്ങളും ചർച്ചുകളും മാത്രം അടച്ചിടുകയും ചെയ്യുന്നത് വിവേചനമാണെന്നും തങ്ങൾ പറഞ്ഞു. അതിതീവ്ര വ്യാപനമുള്ള പ്രദേശങ്ങളെ ഒഴിച്ചുനിർത്തി അല്ലാത്ത പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും വിശ്വാസികളുടെ വികാരം മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന് പുറമെ മറ്റു സംഘടനകളും ആരാധനലായങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്.
 

Latest News