Sorry, you need to enable JavaScript to visit this website.

കൂട്ടായ ശ്രമം: നെഞ്ചുവേദനയെത്തുടർന്ന് അവശനായ ആദിവാസി യുവാവിനെ അതിസാഹസികമായി ആശുപത്രിയിലെത്തിച്ചു 

എടക്കര- ഉൾവനത്തിലെ കോളനിയിൽ നെഞ്ചുവേദനയെത്തുടർന്നു അവശനായ ആദിവാസി യുവാവിനെ അതിസാഹസികമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. മുണ്ടേരി കുമ്പളപ്പാറ കോളനിയിലെ ദേവനെയാണ് (48) പോലീസും അഗ്‌നിശമന സേനാംഗങ്ങളും വനം ഉദ്യോഗസ്ഥരും ചേർന്നു വൈദ്യസഹായത്തിനായി അതിസാഹസികമായി പുറംലോകത്തെത്തിച്ച് ജീവൻ രക്ഷിച്ചത്. ഹൃദയ സംബന്ധമായ അസുഖമുള്ള ദേവന്  വ്യാഴാഴ്ച രാവിലെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ വാണിയംപുഴ വനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. ഷാജിയുടെ നേതൃത്വത്തിൽ ബിഎഫ്ഒമാരായ സി.പി ലാലു, സതീഷ് എന്നിവരടങ്ങിയ വനപാലക സംഘം കോളനിയിലെത്തി. 2019-ലെ പ്രളയത്തിൽ സഞ്ചാര മാർഗം ഇല്ലാതായ കുമ്പളപ്പാറ കോളനിയിൽ നിന്നു ആറു കിലോമീറ്റർ ദൂരം കസേരയിലിരുത്തി ചുമന്നു സംഘം ദേവനെ ചാലിയാറിന്റെ ഇരുട്ടുകുത്തി കടവിലെത്തിച്ചു. തുടർന്ന് പോത്തുകൽ പോലീസും നിലമ്പൂർ സ്റ്റേഷൻ ഓഫീസർ ചുമതല വഹിക്കുന്ന സി.കെ നന്ദകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും തയാറാക്കി നിർത്തിയിരുന്ന റബർ ഡിങ്കി ബോട്ടിൽ ദേവനെ  ചാലിയാർ പുഴയുടെ മറുകരയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി വനത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ചാലിയാർ പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നിരുന്നു. ഇക്കാരണത്താൽ ആദിവാസികൾ നിർമിച്ച ചങ്ങാടം ഉപയോഗിക്കാനായില്ല. ഇതേത്തുടർന്നാണ് അഗ്‌നിശമന സേനയുടെ ഡിങ്കി ബോട്ട് ഇരുട്ടുകുത്തി കടവിൽ ഒരുക്കിയത്. ചാലിയാറിന്റെ മറുകരയെത്തിച്ച ദേവനെ ഉച്ചക്ക് രണ്ടോടെ പ്രമോട്ടർ ഹാൻസിക്കൊപ്പം ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിവിധ വകുപ്പുകളുടെ സമയോചിത ഇടപെടൽ കൊണ്ടു ദേവന്റെ ജീവൻ രക്ഷിക്കാനായി. 
2019-ലെ മഹാപ്രളയത്തിൽ ഇരുട്ടുകുത്തി നടപ്പാലം ഒലിച്ചു പോയതോടെ ചാലിയാറിനക്കരെയുള്ള ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ നാലു കോളനികളിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയാണ്. മഴക്കാലമായാൽ മുള കൊണ്ടു കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് ഇവർ മറുകരയെത്താറുള്ളത്. എന്നാൽ ശക്തമായ കുത്തൊഴുക്കുള്ളതിനാൽ ഈ സമയങ്ങളിൽ ചങ്ങാടത്തിലെ യാത്രയും ബുദ്ധിമുട്ടേറിയതാണ്. മാത്രവുമല്ല വനത്തിൽ നിന്ന് പുറത്തേക്കു വരുന്ന ഏഴു കിലോമീറ്റർ ദൂരം കാട്ടാനകളുടെ വിഹാര കേന്ദ്രം കൂടിയാണ്. ഇതിനെയെല്ലാം അതിജീവിച്ചാണ് വനം, പോലീസ്, അഗ്‌നിശമന സേനാംഗങ്ങൾ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവരുടെ കൂട്ടായ ശ്രമത്തിൽ ദേവനെ പുറം ലോകത്തെത്തിച്ചത്. സീനിയർ ഫയർ ഓഫീസർമാരായ കെ. ശശികുമാർ, കെ. സന്തോഷ്‌കുമാർ, എൽ. ഗോപാലകൃഷ്ണൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഇ.എം ഷിന്റു, എ.എസ് പ്രദീപ്, ടി.പി പ്രശാന്ത്, വി. സിസിൽദാസ്, കെ. രമേഷ്, വി.യു റുമേഷ്, കെ. മനേഷ്, സി. വിനോദ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ കെ. അബ്ദുൾസലാം, റിജു രാജ് എന്നിവരടങ്ങിയ സംഘമാണ് ദേവനെ ചാലിയാറിനിക്കരെയെത്തിച്ചത്.
 

Latest News