Sorry, you need to enable JavaScript to visit this website.

സ്ത്രീപീഡനം: സിനിമാ  സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ കൂടുതൽ തെളിവുകൾ

കൊച്ചി- ടെലിവിഷൻ സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാസീരിയൽ സഹ കലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിൻ എന്ന സജിൻ കൊടകരക്കെതിരെ കൂടുതൽ തെളിവുകൾ. നടിയുടെ പരാതിപ്രകാരം മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റു ചെയ്ത് റിമാന്റിലായ സജിനെ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എസ്.എച്ച്.ഓ അനന്തലാൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. 

ഭർത്താക്കന്മാരുമായി പിണങ്ങി നിൽക്കുന്ന സ്ത്രീകളെ കണ്ടെത്തി അവരുമായി സൗഹൃദത്തിലാവുകയും അവരെ സമൂഹ മാധ്യമങ്ങളിലൂടെ വശീകരിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ലൈംഗിക ദൃശ്യങ്ങൾ വീഡയോയിൽ പകർത്തുകയും പ്രതിയുടെ തുടർന്നുളള ആവശ്യങ്ങൾക്ക് വഴങ്ങാതെ വരുമ്പോൾ നേരത്തെ പകർത്തിയ നഗ്‌നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഇയാൾ ചെയ്തു വന്നിരുന്നത്. ഒരേ സമയം പല സ്ത്രീകളുമായി അടുപ്പത്തിലാവുകയും ഇത് മനസ്സിലാക്കുന്ന സ്ത്രീകൾ ഇയാളോട് ചോദിക്കുമ്പോൾ ഇവരുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. ഇയാളെ പേടിച്ച് പീഡനത്തിനിരയായ പല സ്ത്രീകളും പരാതി നൽകുന്നതിന് തയ്യാറായിരുന്നില്ല. ഏതാനും ദിവസം മുൻപ് ഇയാളുടെ ഭീഷണിയിൽ മനംനൊന്ത്  ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കരുനാഗപ്പിളളി സ്വദേശിനിയുടെ  ഫോൺ നമ്പർ ലൈംഗികചുവയുള്ള ഒരു വീഡിയോയുമായി ചേർത്ത് എഡിറ്റ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം സൈബർ പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. മാവേലിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന കേസ്സിൽ ഇയാളാണ് വണ്ടി കത്തിച്ചെതെന്ന് തെളിയിക്കുന്ന ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഈ അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും, സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലർക്കും എത്തിച്ചു കൊടുത്ത പ്രതിയുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന എയർഗൺ,  അശ്ലീല ചിത്രങ്ങൾ നിറഞ്ഞ പെൻഡ്രൈവ്, ഒന്നിലധികം മൊബൈൽഫോൺ എന്നിവ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് പല ജില്ലകളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചുവരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഇനിയും കേസ്സുകൾ രജിസ്റ്റർ ചെയ്യും.  

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അദിത്യക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബി, സ്‌പെഷൽ ബ്രാഞ്ച് അസ്സിസ്റ്റന്റ് കമ്മീഷണർ സന്തോഷ് എന്നിവരുടെ മേൽ നോട്ടത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എ. അനന്തലാൽ ആണ് കേസന്വേഷണം നടത്തുന്നത്.  പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ വിജയരാജൻ.വി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ, വിജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഖേഷ്, പ്രതിഭ, ഷിനിൽകുമാർ സിവിൽ പോലീസ് ഓഫീസർ മാരായ സതീഷ് കുമാർ, പ്രകാശൻ, ശ്രീജിത്ത് വർമ്മ, രാഹുൽ, അഖിൽ വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.
 

Latest News