Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

'ക്വറിയന്മാർ' ഉറങ്ങാത്ത ഫയലിടങ്ങൾ

ഫയലുകൾ  മരിച്ച രേഖകളാകരുതെന്നും തുടിക്കുന്ന ജീവിതമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത് വില്ലേജ് ഓഫീസർമാരോടാണ്. അടിയന്തരമായി നടത്തിയ ഓൺലൈൻ യോഗത്തിലായിരുന്നു ആഹ്വാനം.  മുഖ്യമന്ത്രിയുടെ ചാരത്ത് തന്നെ പുതിയ റവന്യൂ മന്ത്രി കെ. രാജനുമുണ്ടായിരുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കേണ്ട ഇടം എന്ന നിലക്ക് വില്ലേജ് ഓഫീസുകൾക്ക് ഭരണ സംവിധാനത്തിൽ വലിയ പ്രാധാന്യമുണ്ട്. ഇപ്പറഞ്ഞതു തന്നെ അദ്ദേഹം 2016 ജൂൺ എട്ടിന്  സെക്രട്ടറിയേറ്റ് സ്റ്റാഫിനെ അഭിമുഖീകരിച്ചു നടത്തിയ പ്രഥമ പ്രഭാഷണത്തിലും പറഞ്ഞിരുന്നു. 


ഇനിയെല്ലാം മാറുന്നത്  കണ്ടോളൂ എന്ന് എല്ലാവരും  അന്ന് ആശയോടെ ആവേശം കൊണ്ടതാണ്.  മാറ്റമില്ലാത്തതു മാറ്റത്തിന് മാത്രമായിരുന്നു. സർക്കാർ സംവിധാനത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല. ഉദ്യോഗസ്ഥർ ഫയലിൽ എഴുതിയിടുന്ന ക്വറികൾക്ക് മനുഷ്യ ജീവിതത്തിന്റെ ഭാവി തന്നെ നിർണയിക്കാൻ കരുത്തുണ്ടെന്ന് മുഖ്യമന്ത്രി ആദ്യ പ്രസംഗത്തിലും പിന്നീട് പല ഘട്ടങ്ങളിലും ഓർമിപ്പിച്ചതു മാത്രം മിച്ചം. ജനാഭിലാഷങ്ങൾ  മാത്രം നിറവേറ്റപ്പെട്ടില്ല. ആവശ്യങ്ങൾ വീട്ടിലിരുന്ന് തന്നെ നിർവഹിക്കാനാകും വിധം സംവിധാനം മാറണമെന്നാണ് ജനങ്ങൾ  ആഗ്രഹിക്കുന്നത്. സർക്കാർ സംവിധാനത്തിലെ 'ക്വറിയന്മാരുടെ'  മനസ്സ് മാറ്റാൻ മുഖ്യമന്ത്രി ആവർത്തിച്ചുകൊണ്ടിരിക്കുന്ന നിലപാടിന് സാധിക്കുമോ എന്നതാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. ഫയൽ നീക്കത്തിനുള്ള നടപടികൾ  സ്വീകരിച്ചവരാണ് കാലാകാലങ്ങളിൽ വന്ന  ഭരണാധികാരികൾ. അദാലത്ത്, ജനസമ്പർക്കം എന്നെല്ലാമുള്ള പേരുകളിൽ അത് അറിയപ്പെട്ടു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന് ഏറ്റവുമധികം ജനപ്രീതിയുണ്ടാക്കിക്കൊടുത്ത ഭരണ നടപടി ജനസമ്പർക്ക പരിപാടിയായിരുന്നു. ഇത്തരത്തിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെങ്കിൽ മറുപക്ഷത്തുള്ളവരുടെയെല്ലാം കാര്യം പോക്കാണെന്ന് അന്ന് പരസ്യമായി പറഞ്ഞത് സി.പി.ഐ നേതാവ് സി.ദിവാകരനായിരുന്നു.

ഉമ്മൻ ചാണ്ടിയെയും ജന മ്പർക്കത്തെയുമൊക്കെ നെഞ്ചത്ത് കല്ലെറിഞ്ഞോടിക്കാൻ കേരളത്തിന് പിന്നീട് സാധിച്ചു. ഉമ്മൻ ചാണ്ടിയുടെ രീതിയിൽ ചില പരിപാടികൾ മമത ബാനർജി നടപ്പാക്കിയതിന്റെ ഗുണ ഫലമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരുടെ ശക്തമായ തിരിച്ചുവരവെന്നത് അധികമാരും ചർച്ച ചെയ്യുന്നില്ല. അതിനവർ ഉപയോഗിച്ച തന്ത്രത്തിന്റെ പേരായിരുന്നു 'ദീദി കൊബോലോ' എന്നത്. ആ പദ്ധതി ആസൂത്രണം ചെയ്തു കൊടുത്തതാകട്ടെ മലയാളി ഐ.എ.എസ് ഓഫീസറായ പി.ബി. സലീമും. ബംഗാൾ നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉണ്ടാക്കിയ മുന്നേറ്റം തകർത്തുകളയാൻ മലയാളിയായ പി.ബി, സലീം ഒരുക്കിക്കൊടുത്ത ദീദി കൊ ബോലോക്ക് സാധിച്ചു. ഇതു കണ്ടിട്ടാണോ എന്നറിയില്ല രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെല്ലാം നിരത്തിപ്പിടിച്ച് ചാനലുകളിൽ 'ബോലോ' ആണ്. വകുപ്പോ സംവിധാനമോ പഠിക്കുന്നതിന് മുമ്പ് പ്രയോഗിക്കുന്ന ഈ 'പുരപ്പുറമടിക്കൽ'  കാര്യമായൊന്നും ചെയ്തു തീർക്കാതെ അധികം തുടർന്നാൽ പരിഹാസ്യമായിപ്പോകാനാണ് സാധ്യത. 


2019 ഓഗസ്റ്റിലായിരുന്നു ദീദി കോബോലോ തുടങ്ങിയത്. ലക്ഷക്കണക്കിന് പരാതികളാണ് ഈ രീതിയിൽ പരിഹൃതമായത്. നവംനവങ്ങളായ  ഇത്തരം ആശയങ്ങൾ പറഞ്ഞുകൊടുക്കാൻ കേരളത്തിലെ ഐ.എ.എസുകാരും പ്രാപ്തരാണ്. പക്ഷേ കേരളത്തിൽ അതൊക്കെ വിജയിക്കുമോ എന്ന  ചോദ്യം ആവർത്തിക്കപ്പെടുന്നു. അതെന്താ മൂന്നര പതിറ്റാണ്ട് സി.പി.എം ഭരിച്ച ബംഗാളിൽ നടക്കുന്നത് ഇവിടെ നടക്കാതിരിക്കുമോ എന്നായിരിക്കാം സംശയം. സി.പി.എം അധികാരത്തിൽ വന്നാൽ കേരളത്തിൽ  പാർട്ടിയെയും  സർക്കാരിനെയുമെല്ലാം ഭരിക്കുന്നത് കേരളത്തിലെ സി.പി.എം സർവീസ് യൂനിയനായിരിക്കും എന്നതാണ് വ്യത്യാസം. അങ്ങനെയൊരു സംസ്‌കാരം ബംഗളിൽ നിലനിൽക്കുന്നില്ല. മുഖ്യമന്ത്രി പിണറായിയല്ല ഇനി ആരായാലും എങ്ങനെ ഭരിക്കണമെന്ന് സർക്കാർ സർവീസിലെ യൂനിയനുകൾ തീരുമാനിക്കുന്നതാണ് കേരളത്തിലെ അവസ്ഥ.  അവരെ പേടിച്ചാരും ഈ വഴി നടപ്പില്ല എന്ന സ്ഥിതി കാലാകാലമായി തുടരുന്നു.
കിട്ടുന്ന ഫയലുകളിൽ അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കണം എന്നായിരുന്നു സ്വാതന്ത്ര്യത്തിന് മുമ്പുള്ള  നിയമമെന്നറിയുമ്പോൾ ഞെട്ടിയിട്ട് കാര്യമില്ല. അതായിരുന്നു സ്വാതന്ത്ര്യ പൂർവ കാലത്തെ അവസ്ഥ.  സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്ത് സർക്കാർ ഓഫീസുകളിൽ പ്രഥമ പ്രധാനമന്ത്രി ജവർലാൽ നെഹ്‌റുവിന്റെ ഒരു വാചകം ഫ്രൈം ചെയ്തു തൂക്കാറുണ്ടായിരുന്നു. അതിലെ വാചകങ്ങൾ ഏതാണ്ട് ഇങ്ങനെയായിരുന്നു-  കാര്യം നടത്താതിരിക്കാനുള്ള കാരണം എനിക്കറിയേണ്ട. നടക്കുന്നതെങ്ങനെയെന്ന് പറഞ്ഞു തന്നാൽ മതി. 


സെക്രട്ടറിയേറ്റിലെ ഫയൽ കൂമ്പാരങ്ങൾക്കിടയിൽ ഒപ്പു കാത്തുകിടക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവതമാണ്.  അപേക്ഷയച്ച് കാത്തിരുന്ന്, കാത്തിരുന്ന്  മരിച്ചുപോയ എത്രയോ ഹതഭാഗ്യരുണ്ട്. സെക്രട്ടറിയേറ്റിലും ഓഫീസുകളിലും വന്ന് ഫയൽ നീക്കം അറിയാൻ കോവിഡ് കാലം തടസ്സമാണ്. ഇതൊക്കെ മനസ്സിലാക്കി പരിഹാരം കാണാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടക്കിടെ ഭംഗി വാക്കു പറയുന്നത് കേട്ടാൽ കുറച്ചു കാലം ജനങ്ങൾ കേട്ടിരിക്കും. അതു കഴിഞ്ഞാൽ അവർ പരിഹസിച്ച് ചിരിക്കും. ഉദ്യോഗസ്ഥർക്ക് യഥാകാലം ശമ്പളം വാങ്ങി പെൻഷനായി വീട്ടിൽ പോയാൽ മതി. രാഷ്ട്രീയക്കാർ അങ്ങനെയല്ല.  ഉമ്മൻ ചാണ്ടിയുടെയോ, കെ.എം. മാണിയുടെയോ, കെ.കരുണാകരന്റെയോ ഒക്കെ ഇടപെടലിൽ രക്ഷപ്പെട്ടുപോയ എത്രയെത്രയോ മനുഷ്യരുണ്ട് നാട്ടിൽ. 


ഈ വിധത്തിൽ  ഒന്നാം പിണറായി സർക്കാരിൽ എത്ര പേരുണ്ടായിരുന്നുവെന്ന് ആ മന്ത്രി സഭയിലുണ്ടായിരുന്നവർക്ക് സ്വയം കണക്കെടുക്കാവുന്നതാണ്. സ്വയം കണക്കെടുക്കുന്നതു പോലെ ഫലപ്രദമായി മറ്റൊന്നില്ല.  തന്റെയും തന്റെ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത്  തീരുമാനമാകാത്ത ഫയലുകളുടെ കൂമ്പാരമാണെങ്കിൽ വെറുതെ പ്രസംഗം കൊണ്ട് ഒരു കാര്യവുമില്ല. വിവിധ സെക്ഷനുകളിലെ 'ക്വറിയന്മാരെ' നിലക്കു നിർത്താനാകട്ടെ  പതിയ മന്ത്രിമാരുടെ ഇനിയുള്ള കാലം എന്ന് നമുക്കാശിക്കുക.

Latest News