Sorry, you need to enable JavaScript to visit this website.

ദമാമിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ എ.ബി മുഹമ്മദ് അന്തരിച്ചു

ദമാം- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ എ.ബി മുഹമ്മദ് (56 )നിര്യാതനായി. സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ നേതൃനിരയിൽ സജീവമായി രംഗത്തുണ്ടായിരുന്ന എ.ബി മുഹമ്മദ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തെയും, ഇന്ത്യൻ സോഷ്യൽ ഫോറത്തെയും പരിചയപ്പെടുത്തുന്നതിൽ അശ്രാന്ത പരിശ്രമങ്ങൾ നടത്തിവരുന്നതിനിടയിലാണ് കോവിഡ് പിടിപെട്ട് ആശുപത്രിയിലായത്. തുടർന്ന് രോഗം കലശലാകുകയും വെന്റിലേറ്ററിന്റെ  സഹായത്തോടെ ജീവൻ നിലന്നെങ്കിലും ഇന്ന് പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കാസർകോഡ് ജില്ലയിലെ  ചെമ്മനാട് പരവനടുക്കം സ്വദേശിയായ എ.ബി മുഹമ്മദ്  മുൻപ് എസ്.ഡി.പിഐ  ചെമ്മനാട് ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്ന സമയത്ത് നാട്ടിലും സാഹ്യ  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  നിറസാന്നിധ്യമായിരുന്നു. നേരത്തെ പരവനടുക്കം നെച്ചിപ്പടുപ്പിലായിരുന്നു താമസിച്ചിരുന്നതെങ്കിലും  ചെമ്മനാട് ലേസ്യത്തെക്ക് താമസം മാറിയിട്ട് കുറച്ചുകാലമേ ആയിരുന്നുള്ളൂ. ദമാമിൽ കാസർകോഡ് അസോസിയേഷനിലും സജീവമായിരുന്ന എ.ബി  മുഹമ്മദ് പ്രവർത്തകർക്കിടയിൽ എ.ബി എന്ന ചുരുക്കപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.  അടുത്തറിഞ്ഞവർക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ഓട്ടോവേൾഡ് എന്ന കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്തുവന്നിരുന്ന എബി  രോഗാതുരനായി അബോധാവസ്ഥയിൽ വീഴും വരെയും പ്രവാസികൾക്കായി പ്രത്യേകിച്ച്  വടക്ക് കിഴക്കൻ സംസ്ഥാനഗങ്ങളിലെ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്‌നങ്ങൾക്കിടയിൽ അക്ഷീണ പ്രയത്‌നം നടത്തിയിരുന്നു. ഭാര്യ: നസീബ മുഹമ്മദ്. മക്കൾ: ഹിബ, നിത, ആസ്യ.
മയ്യിത്ത് ദമാമിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യണൽ സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ, കാസർകോഡ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അറിയിച്ചു.
 

Latest News