ആയിഷ പോലീസില്‍ ഹാജരാകണമെന്ന് ഹൈക്കോടതി, അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണം

കൊച്ചി- രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണം എന്നും കോടതി നിര്‍ദേശിച്ചു. ആയിഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഈ ദിവസം അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ കീഴ്ക്കോടതി ജാമ്യം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ആയിഷയുടെ മുന്‍കൂര്‍ ജാമ്യത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ചാനലില്‍ ആയിഷ നടത്തിയത് വിമര്‍ശം അല്ല, ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രം ദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. ലക്ഷദ്വീപില്‍ സ്‌കൂളില്‍ പോകുന്ന ഒരു കുട്ടിക്ക് പോലും വിഘടന ചിന്തകള്‍ ഉണ്ടാവുന്ന പരാമര്‍ശമാണ് ആയിഷ നടത്തിയത്. ആയിഷയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ കൊച്ചിയില്‍നിന്ന് അത് ചെയ്യാമായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് വേണോ എന്നത് അപ്പോള്‍ തീരുമാനിക്കും. പോലീസിന് മറ്റ് ലക്ഷ്യമൊന്നും ഇല്ലാത്തത് കൊണ്ടാണ് പത്ത് ദിവസത്തെ സമയം നല്‍കി നോട്ടീസ് നല്‍കിയത്. ജാമ്യ ഹരജിയില്‍പോലും ആയിഷ തെറ്റായ വ്യക്തിഗത വിവരം നല്‍കി. ഇത് ഗൗരവത്തോടെ കാണണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ബയോ വെപ്പണ്‍ എന്നവാക്ക് ഇത്ര വലിയ പ്രശ്നമാണെന്ന് അറിയില്ലായിരുന്നുവെന്ന് ആയിഷ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയാറാണ്. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യം ഇല്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസില്‍ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കിലെടുക്കണം. പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചുവെന്നും ആയിഷ കോടതിയില്‍ പറഞ്ഞു.

 

Latest News