ത്രിപുരയില്‍ ബി.ജെ.പിക്ക് പരിഭ്രാന്തിയുണ്ടാക്കി മമത, വിമതരെ ചാക്കിടുന്നു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ബി.ജെ.പിയില്‍ പിളര്‍പ്പുണ്ടാക്കിയതിന് പിന്നാലെ ത്രിപുര ബി.ജെ.പിയിലും പ്രതിസന്ധിയുണ്ടാക്കി മമതാ ബാനര്‍ജി. ത്രിപുരയിലെ വിമത നേതാക്കളെ ലക്ഷ്യമിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ആഴ്ച ബി.ജെ.പിയില്‍നിന്ന് തിരിച്ചെത്തിയ മുകുള്‍ റോയിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

അപകടം തിരിച്ചറിഞ്ഞ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്രിപുരയിലെത്തി.  സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അജയ് ജംവാള്‍ എന്നിവര്‍ ബുധനാഴ്ച അഗര്‍ത്തലയിലെത്തി മുതിര്‍ന്ന നേതാക്കളുമായും എം.എല്‍.എമാരുമായും കൂടിക്കാഴ്ച നടത്തി.

രണ്ടു വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായിട്ടാണ് നേതാക്കള്‍ ത്രിപുരയിലെത്തിയതെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

അസംതൃപ്തരായ നേതാക്കള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കേന്ദ്ര നേതൃത്വം കേള്‍ക്കാന്‍ തയാറാകുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്ത് വരുന്നതിനാല്‍ തൃണമൂലിന്റെ ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാണിക് സാക പറഞ്ഞു. പ്രശ്നങ്ങളുണ്ടെന്നത് സത്യമാണെങ്കിലും ചര്‍ച്ചകളിലൂടെ എല്ലാം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2016 ല്‍ ത്രിപുരയിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ തൃണമൂലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുകുള്‍ റോയ് 2017 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ഈ എം.എല്‍.എമാരും പോയിരുന്നു. ത്രിപുരയില്‍ ഇപ്പോള്‍ ഇടഞ്ഞ് നില്‍ക്കുന്ന എം.എല്‍.എമാരുമായും നേതാക്കളുമായും അടുത്ത ബന്ധമാണ് മുകുള്‍ റോയിക്കുള്ളത്.

 

Latest News