Sorry, you need to enable JavaScript to visit this website.

വധുവിന്റെ വിവാഹ വസ്ത്രത്തിനുള്ളില്‍ ഒരു യുവാവ്,  അമ്പരന്ന് അതിഥികള്‍ 

മനില- വിവാഹത്തിന് വധു ധരിക്കുന്ന വെഡിങ് ഗൗണ്‍ ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുമെങ്കിലും ഈ വസ്ത്രവുമായി വധു നടക്കാന്‍ ബുദ്ധിമുട്ടുന്നത് പലപ്പോഴും കാണാറുണ്ട്. ആ സമയത്ത് ശക്തമായ കാറ്റും ഉണ്ടെങ്കില്‍ പിന്നെ എന്താകും അവസ്ഥയെന്ന് പ്രത്യേകിച്ച് പറയേണ്ടതുമില്ല. ഇപ്പോഴിതാ അത്തരമൊരു അവസ്ഥയില്‍ വധുവിന്റെ വസ്ത്രത്തിനുള്ളില്‍ ഇരുന്ന് യുവാവ് നടക്കാന്‍ സഹായിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ശക്തമായ കാറ്റ് കാരണം തന്റെ ഗൗണുമായി നടക്കാന്‍ യുവതി ബുദ്ധിമുട്ടിയപ്പോഴാണ് വധുവിനെ സഹായിക്കാന്‍ യുവാവ് വസ്ത്രത്തിനുള്ളില്‍ കയറിയത്. വധുവിനൊപ്പം വസ്ത്രത്തിനുള്ളില്‍ നിന്ന് ഇയാളും നടന്നു വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ജൂണ്‍ ആറിന് ഫിലിപ്പൈന്‍സിലെ പിനാമുങ്കജാനിലെ ലൂയി ബീച്ച് റിസോര്‍ട്ടില്‍ വച്ചായിരുന്നു ഈ വിവാഹം നടന്നത്.
വധു താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രവുമായി നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട കോസ്റ്റ്യൂമറാണ് വിവാഹ വസ്ത്രത്തിനുള്ളില്‍ കയറി ഇവരെ സഹായിച്ചതെന്നാണ് വാര്‍ത്താ ചാനലായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രോസ് ബ്രൈഡല്‍ ഗൗണ്‍സ് ആന്‍ഡ് ഇവന്റ്‌സിലെ ജോലിക്കാരനായ റോയല്‍ ലുണേസ എന്ന യുവാവാണ് വധുവിനെ നിര്‍ണായ ഘട്ടത്തില്‍ സഹായിച്ചത്.
വധുവിന്റെ ഗൗണിന് ഉള്ളില്‍ കയറി ഇയാള്‍ സഹായിച്ചതോടെ ശക്തമായ കാറ്റിനിടയിലും വേദിയിലേക്ക് എളുപ്പത്തില്‍ ഇവര്‍ക്ക് നടന്നെത്താന്‍ കഴിഞ്ഞു. തന്റെ മാതാപിതാക്കള്‍ക്കൊപ്പം വധു വിവാഹ വേദിയിലേക്ക് നടന്ന് വരുന്ന ദൃശ്യങ്ങളാണ് വൈറല്‍ വീഡിയോയിലുള്ളത്. നടക്കുന്നതിനിടെ ഗൗണ്‍ നേരെയാക്കുന്നതും ഒപ്പമുള്ളവര്‍ ഇതിന് സഹായിക്കുന്നതും വ്യക്തമാണ്. വേദിക്കരികിലേക്കെത്തവെയാണ് ഗൗണിന് ഉള്ളില്‍ നിന്നും യുവാവ് പുറത്തേക്ക് പോകുന്നത്. പിന്നീട് ആള്‍ക്കൂട്ടത്തിനൊപ്പം ഇദ്ദേഹം ചേരുകയും ചെയ്തു.
വീഡിയോ വൈറലായതോടെ പ്രതികരണവുമായി ലുണേസ രംഗത്തെത്തുകയും ചെയ്തു. ശക്തമായ കാറ്റ് കാരണം വധു നടക്കാന്‍ ബുദ്ധിമുട്ടിയതോടെയാണ് താന്‍ വസ്ത്രത്തിനുള്ളില്‍ കയറിയതെന്നും ഇതായിരുന്നു അന്ന് സംഭവിച്ചതെന്നും അദ്ദേഹം ന്യൂസ് വീക്കിനോടാണ് പറഞ്ഞത്. വധു നടക്കാന്‍ ബുദ്ധിമുട്ടിയതോടെയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറയുന്നു. വധു മറ്റൊരു വസ്ത്രം ഗൗണിനുള്ളില്‍ ധരിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 

Latest News