സാമ്പത്തിക മേഖലയുടെ ഉയര്‍ച്ച വാക്‌സിനേഷന്റെ  വേഗത്തെ ആശ്രയിച്ചിരിക്കും: റിസര്‍വ് ബാങ്ക് 

മുംബൈ- ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ വേഗതയെയും നിരക്കിനെയും ആശ്രയിച്ചിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുന്നോട്ടുള്ള പോക്കില്‍, വാക്‌സിനേഷന്റെ വേഗതയും നിരക്കുമാകും പുനരുജ്ജീവനത്തിന്റെ പാതയെ രൂപപ്പെടുത്തുക. മഹാമാരിയുടെ പിടിയില്‍നിന്ന് തിരികെ വരാനുള്ള ശേഷിയും അടിസ്ഥാനഘടകങ്ങളും, നേരത്തെ തന്നെയുള്ള ചാക്രികവും ഘടനാപരവുമായ തടസ്സങ്ങളില്‍നിന്ന് മോചിതമാകാനുള്ള കഴിവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടെന്നും ബുള്ളറ്റിന്‍ പറയുന്നു.
ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസം മടങ്ങിവരുന്നുണ്ടെങ്കിലും കോവിഡിന്റെ രണ്ടാം തരംഗത്തോട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ വിലയിരുത്തല്‍ പ്രകാരം, രണ്ടാംതരംഗം കൂടുതലായും ബാധിച്ചത് ആഭ്യന്തര ആവശ്യകതയെയാണെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
സമീപകാല ചരിത്രത്തിലെ ഏറ്റവും മഹത്തായ ശാസ്ത്രീയനേട്ടമാണെങ്കിലും വാക്‌സിനുകള്‍ക്ക് തനിയെ മഹാമാരിയെ അവസാനിപ്പിക്കാനാകില്ല. വൈറസിന് ഒപ്പം ജീവിക്കാന്‍ നാം പഠിച്ചേ മതിയാകൂവെന്നും ബുള്ളറ്റിന്‍ പറയുന്നു. കോവിഡ് മഹാമാരി എന്നത് യഥാര്‍ഥ പ്രത്യാഘാതങ്ങളുള്ള യഥാര്‍ഥ ആഘാതമാണ്. അതിനാല്‍ സാമ്പത്തിക പുനരുജ്ജീവനത്തെ നിര്‍മിച്ചെടുക്കുന്നത് ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റിന്റെയും ഉത്പാദനവളര്‍ച്ചയുടെയും സുശക്തമായ അടിത്തറയിലാണെന്ന് ഉറപ്പുവരുത്തണമെന്നും ബുള്ളറ്റിന്‍ പറയുന്നു.
 

Latest News