ആറ്റിങ്ങൽ- വനം കൊള്ളക്കെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ ഒരു പ്രവർത്തക ഉയർത്തിയത് ഇന്ധന വിലകയറ്റത്തിന് എതിരായ ഡി.വൈ.എഫ്.ഐയുടെ പ്ലക്കാർഡ്. അമളി പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ നേതാക്കൾ പെട്ടെന്ന് തന്നെ ബോർഡ് എടുത്തുമാറ്റി. എങ്കിലും ചിത്രം ഇതോടകം വൈറലായി. വനം കൊള്ളയ്‌ക്കെതിരെ സംസ്ഥാന തല പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ആസ്ഥാനത്തിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് അസാധാരണ സംഭവം നടന്നത്.
പെട്രോൾ വില സെഞ്ചുറിയടിച്ചു, പ്രതിഷേധിക്കുക ഡി.വൈ.എഫ്.ഐ എന്നായിരുന്നു ബോർഡിലെ വരികൾ. ചാനൽ ക്യാമറകൾ ഇത് പകർത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ നേതാക്കൾ ഉടൻ ബോർഡ് എടുത്തുമാറ്റി. ഉടൻ പ്ലക്കാർഡ് മാറ്റി പുതിയ ബോർഡ് പ്രവർത്തകയ്ക്ക് നൽകി.